

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ അറസ്റ്റിലായതിനു പിന്നാലെയാണ് നീക്കം. സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക.
സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നും പത്മകുമാർ മൊഴി നൽകിയിരുന്നു. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് ആലോചന. പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
ദേവസ്വം ബോർഡിന്റെ ഒരു തീരുമാനത്തിലും മന്ത്രിക്കോ വകുപ്പിനോ പങ്കില്ലെന്നാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നിൽ എത്തിയിട്ടില്ല. ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേതു മാത്രമാണ്. പാളികൾ ഇളക്കാൻ പറയാനും പൂശാൻ പറയാനും മന്ത്രിക്ക് അധികാരമില്ലെന്നും കടകംപള്ളി പറഞ്ഞു.
പത്മകുമാറിനു കുരുക്കായത് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു, എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു എന്നിവരുടെ മൊഴികളാണെന്നാണ് സൂചന. പത്മകുമാറിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു.