ശബരിമല സ്വർണക്കൊള്ള: സുരേഷ് ഗോപിയുടെ മൊഴിയെടുക്കും

സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. ഇവരെ നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് നീക്കം.
Sabarimala gold theft Suresh Gopi

സുരേഷ് ഗോപി

File photo

Updated on

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സ്വർണം ഉൾപ്പെടെയുള്ള സംഭാവനകൾ നൽകിയ സെലിബ്രിറ്റികളുടെയടക്കം മൊഴിയെടുക്കാൻ വിജിലൻസ്. വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. 2017-ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ 27 പേരുടെ വിവരങ്ങൾ വിജിലൻസ് തേടിയത്. ഇവരെ നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് നീക്കം. അന്വേഷണം ഊർജിതമാക്കാൻ ഉന്നതതലത്തിൽ നിന്നും നിർദേശം ലഭിച്ചതായാണ് സൂചന. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ്, ചലച്ചിത്ര പ്രവർത്തകരായ സുധീർ കരമന, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതേസമയം, അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ.എസ്.പി. കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സ്വർണം നൽകിയവരുടെ പേരുകളിൽ സുരേഷ് ഗോപിയെ മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. ഇതിലാണ് ദുരൂഹതയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നത്.

സ്വർണ ബിസ്കറ്റുകളും നാണയങ്ങളും ഉൾപ്പെടെയുള്ളവ ഭക്തരിൽ നിന്ന് നേരിട്ട് കൈപ്പറ്റിയതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ ചട്ടലംഘനം നടത്തിയെന്നാണ് പ്രധാന കണ്ടെത്തൽ. ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടും ഇത് മറികടന്നാണ് സ്വർണം വാങ്ങിയത്.

സ്വീകരിച്ച സ്വർണത്തിന് കൃത്യമായ രസീത് നൽകിയില്ലെന്നും ബാക്കി വന്ന സ്വർണം എവിടെ ഉപയോഗിച്ചുവെന്നതിന് രേഖകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കണക്കിലെടുത്ത് ശിൽപ്പി വെങ്കിടേഷ്, തിരുവാഭരണ കമ്മീഷണർ എന്നിവരെയും വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com