

ശബരിമല കൊടിമര പുനപ്രതിഷ്ഠയിലും ക്രമക്കേട്; മോഹൻലാലും ദിലീപുമടക്കമുള്ളവരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പ്രതിക്ഷ്ഠയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സിനിമാ താരങ്ങളും വ്യവസായികളുമടക്കം സ്വർണം സമർപ്പിച്ച 27 പേരുടെ മൊഴിയെടുക്കാനാണ് നീക്കം. ലഭിച്ച സ്വർണത്തിന് രേഖകളില്ലാത്തതിലാണ് മൊഴിയെടുപ്പിലേക്ക് കടക്കുന്നത്.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പിന്നാലെ തന്നെ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
2017-ൽ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വർണം സമർപ്പിച്ച ഭക്തരെ കണ്ടെത്തി എത്ര സ്വർണം സമർപ്പിച്ചുവെന്ന് മൊഴിയിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തോട് നിർദേശിച്ചിരിക്കുന്നത്. നിലവിലെ പട്ടികയിൽ 27 പേരാണ് ഉള്ളത്. ഇതിൽ 8 പേർ സിനിമാ മേഖലയിൽ നിന്നുള്ളവരാണ്.
മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ദേവൻ തുടങ്ങിയവരും വ്യവസായ പ്രമുഖരും ഇതിൽ ഉൾപ്പെടും. ഓരോരുത്തരേയും നേരിട്ടുകണ്ട് വഴിപാടായി എത്ര സ്വർണം നൽകിയിട്ടുണ്ടെന്ന് ചോദിച്ചറിയും. ശേഷം കൊടിമരത്തിന് എത്ര സ്വർണം ഉപയോഗിച്ചെന്ന് കണ്ടെത്തും. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണത്തിലേക്ക് കടക്കുനാണ് നീക്കം.
കൊടിമരത്തിൽ പൂശാനായി കസ്റ്റംസിൽ നിന്നും ദേവസ്വം ബോർഡ് 9 കിലോ 160 ഗ്രാം സ്വർണം വാങ്ങിയിരുന്നു. ഇതിനു പുറമേ 412 ഗ്രാം സ്വർണം ഭക്തർ സംഭാവനയായി നൽകിയിരുന്നു. സിനിമാ താരം നൽകിയ 80 ഗ്രാം സ്വർണവും നിർമാതാവ് നൽകിയ 247 ഗ്രാം സ്വർണവും ഇതിൽ ഉൾപ്പെടും. ആകെ ഉള്ള 9 കിലോ 570 ഗ്രാം സ്വർണത്തിൽ 9 കിലോ 340 ഗ്രാം സ്വർണം മാത്രമാണ് ഉപയോഗിച്ചത്. ബാക്കിയുള്ള 233 ഗ്രാം സ്വർണം അതായത് 30 പവൻ സ്വർണം എവിടെ എന്നതിന് രേഖകളില്ല. 27 ഭക്തർ സ്വർണം സംഭാവന ചെയ്തെന്ന് പറയുമ്പോൾ ഇതിൽ 12 പേർ നൽകിയ സ്വർണം രേഖപ്പെടുത്തുകയോ ഇവർക്ക് രസീത് നൽകുകോ ചെയ്തിട്ടില്ല.