ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

പന്തളം കൊട്ടാരത്തിൽനിന്ന്‌ കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിക്കും.
sabarimala

ശബരിമല

Updated on

ശബരിമല: ശബരിമലയിൽ മകര വിളക്കും മകരസംക്രമ പൂജയും ബുധനാഴ്ച. തീർഥാടകരെ വരവേൽക്കാൻ സന്നിധാനവും പരിസരവും സജ്ജമായി. പൊലീസും ആരോഗ്യവകുപ്പും സർക്കാരിന്‍റെ ഇതരവകുപ്പുകളും ചേർന്ന്‌ ക്രമീകരണങ്ങൾ പൂർത്തിയാക്കി വരുന്നു.

ഉച്ചകഴിഞ്ഞ് 3.08ന് സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് മകര സംക്രമപൂജ. പകൽ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികനാകും.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽനിന്ന്‌ എത്തിക്കുന്ന നെയ്യാണ് സംക്രമ പൂജയിൽ അഭിഷേകം ചെയ്യുന്നത്. പന്തളം കൊട്ടാരത്തിൽനിന്ന്‌ കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിക്കും.

തിരുവാഭരണവാഹകസംഘം വൈകിട്ട് 6.15ന്‌ പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാർ, കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന്‌ ദീപാരാധന നടത്തും.

സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. തിരുമുറ്റത്തും ഫ്‌ളൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പറഞ്ഞു.

മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com