
കൊച്ചി: ശബരിമല മേൽശാന്തി നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ദേവസ്വം ബോർഡ്. സിസിടിവി ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.
ശബരിമല മേൽശാന്തി നറുക്കെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ച് നറുക്കെടുപ്പിൽ പങ്കാളിയായിരുന്ന മധുസൂദനൻ എന്നയാളാണു കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിനുള്ള നറുക്കുകളിൽ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ. മഹേഷ് നമ്പൂതിരിയുടെ പേര് മാത്രമുള്ള നറുക്ക് മടക്കിയിട്ടുവെന്നും ബാക്കി നറുക്കുകളെല്ലാം ചുരുട്ടിയാണ് ഇട്ടതെന്നും ഇതുകാരണം നിവർന്നിരുന്ന നറുക്കെടുക്കാൻ എളുപ്പമായെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.
നറുക്കെടുപ്പിൽ അട്ടിമറിയുണ്ടായെന്ന് ആരോപിക്കുന്ന ഹർജിക്കാരൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേൽശാന്തി നറുക്കെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ച് ഹർജി എത്തിയതോടെയാണ് സിസിടിവി ദൃശ്യങ്ങൾ ഉണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനോട് ആരാഞ്ഞത്. തുടർന്നാണ് ദേവസ്വം ബോർഡ് മേൽശാന്തി നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചത്.