
ശബരിമല :ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറി. ഉഷപൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബ ശുദ്ധി ക്രിയയും പൂജകളും നടന്നു. കൊടിയേറ്റ് നടത്തുവാനുള്ള കൊടിക്കുറ നമസ്കാരമണ്ഡപത്തിലും പിന്നീട് ശ്രീകോവിലിനുള്ളിലും പൂജ ചെയ്തു.
കൊടിമര ചുവട്ടിലെ പൂജകൾക്ക് ശേഷം 9.45 നും 10.45 നും മദ്ധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആണ് കൊടിയേറ്റ് നടത്തിയത്. കൊടിയേറ്റ് കാണാൻ ശരണമന്ത്രങ്ങളുമായി നൂറുകണക്കിന് അയ്യപ്പഭക്തർ എത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, അംഗം ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിന് എത്തിയിരുന്നു .
കൊടിയേറ്റിനു ശേഷം തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിമരത്തിനു മുന്നിൽ ദീപാരാധനയും നടന്നു. രണ്ടാം ഉൽസവ ദിവസമായ നാളെ മുതൽ ഒൻപതാം ഉൽസവ ദിനമായ ഏപ്രിൽ 4 വരെ ഉൽസവബലി ഉണ്ടായിരിക്കും. ഭഗവാൻ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റാനെത്തിയ വെളിനെല്ലൂർ മണികണ്ഠൻ ആന കൊടിയേറ്റ് ദിനത്തിൽ തന്നെ സന്നിധാനത്ത് എത്തിയിരുന്നു .