

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ
സന്നിധാനം: മണ്ഡലകാലം ആരംഭിച്ചതു മുതൽ വ്യാഴാഴ്ച രാത്രി ഏഴു മണിവരെ ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തജനങ്ങൾ. ഇതുവരെ 90,265 പേർ മല ചവിട്ടിയെന്നാണ് കണക്ക്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്.
മണ്ഡല, മകരവിളക്ക് സീസണില്‍ ശബരിമല വരുമാനം 60 കോടി കവിഞ്ഞിട്ടുണ്ട്. അരവണ വിറ്റുവരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും വരുമാനം ലഭിച്ചു. അപ്പം വില്‍പ്പന, പോസ്റ്റല്‍ പ്രസാദം, വഴിപാടുകള്‍, മറ്റിനങ്ങളിലൂടെയുള്ള വരുമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ തിരക്ക് നിയന്ത്രണ വിധേയമാണ്. സുഗമ ദര്‍ശനം നടത്താന്‍ കഴിയുന്നതിന്‍റെ ആശ്വാസത്തിലാണ് ഭക്തര്‍.
വ്യാഴാഴ്ച രാവിലെ മുതല്‍ നടപ്പന്തലില്‍ വലിയ ക്യൂ ആയിരുന്നെങ്കിലും ഭക്തര്‍ക്ക് അധികനേരം കാത്തുനില്‍ക്കേണ്ടിവന്നില്ല. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പൊലീസ്, ഐആര്‍ബി, ആര്‍എഎഫ് സേനകളുടെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.