തീർഥാടകർക്കായി ഒരുങ്ങി ശബരിമല

പമ്പയിലും നിലയ്ക്കലും കെഎസ്ആർടിസി ബസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു.
sabarimala news
sabarimala news

തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് ശബരിമല നട ഇന്നു തുറക്കാനിരിക്കെ തീർഥാടകർക്കായി കുടിവെള്ളമെത്തിക്കാൻ സന്നിധാനത്തും പരിസരത്തും 300 ടാപ്പുകൾ സ്ഥാപിച്ചു. പാണ്ടിത്താവളത്തെയും ശരംകുത്തിയിലെയും 2.5കോടി ലിറ്ററിന്‍റെ ജലസംഭരണികളിൽ വെള്ളംനിറച്ചു. പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താത്കാലിക തടയണ നിർമിച്ചു. 132 ടൊയ്‌ലെറ്റുകളാണു സന്നിധാനത്ത് പ്രത്യേകം ഒരുക്കിയിരിക്കുന്നത്.ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഇത്തവണ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനമുണ്ട്. സന്നിധാനത്തെ തിരക്ക് നിലയ്ക്കലും പമ്പയിലുമുള്ളവരെ വിഡിയൊ ദൃശ്യത്തിലൂടെ അറിയിക്കും. ആശുപത്രികളിൽ ഐസിയു ഉൾപ്പെടെ ഉണ്ടാകും. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്‍ററുകളും പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സാകേന്ദ്രങ്ങളുമുണ്ട്. പരമ്പരാഗത വന പാതകളിൽ ഇക്കോ ഷോപ്പുകൾ ഉണ്ടാകും.

പാതകളിൽ 75 വനപാലകരുടെ സേവനം ലഭിക്കും.പമ്പയിലും നിലയ്ക്കലും കെഎസ്ആർടിസി ബസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകര വിളക്ക് വരെ കൂടുതൽ സർവീസുകളും നടത്തും. സംഘമായി എത്തുന്ന തീർഥാടകർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും. അതേസമയം, പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിങ് റൂഫിന്‍റെ നിർമാണം ഈ സീസണിലും പൂർത്തിയായില്ല. നിലയ്ക്കൽ കുടിവെള്ളം പദ്ധതിയും എങ്ങും എത്താത്തിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരും. തമിഴ്നാട്, കർണാടക, തെലുങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തൻമാരടക്കം ശബരിമലയിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന പ്രധാന പാതകളിലൊന്നായ സത്രത്തിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പൊലീസുകാർക്ക് തങ്ങാനുള്ള താത്കാലിക ഷെഡിന്‍റെയും വിരിപ്പന്തലിന്‍റെയും പണിയും പൂർത്തികരിച്ചിട്ടില്ല. ചായക്കടകൾ, കുടിവെള്ള വിതരണം, ശൗചാലയം എന്നിവയുടെ നടത്തിപ്പ് ആരും ലേലത്തിനെടുക്കാത്തതും പ്രതിസന്ധിയാണ്. അതേസമയം, വരും ദിവസങ്ങളിൽ തന്നെ എല്ലാ ഇടത്താവളങ്ങളിലും ഭക്തർ‌ക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

6 ഘട്ടങ്ങളിലായി 13,000 പൊലീസുകാര്‍

ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാര്‍ തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകുമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവിടെ നിന്നും ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് നിരീക്ഷണം നടത്തും. 15 കൗണ്ടറുകളിലായാണ് വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം നിലയ്ക്കലിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. 17 ഗ്രൗണ്ടുകളിലായി അവിടെ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പാര്‍ക്കിംഗ് അനുവദിക്കുന്നതെന്നും വരുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് സംവിധാനമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com