

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച മുതൽ
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ പൂജകള്‍ ബുധനാഴ്ച പുലര്‍ച്ചെ 3ന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്.രാവിലെ 11:30നു പമ്പയില്‍നിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലില്‍ 'സെഗ്മന്റുകളായിട്ട്' തിരിക്കും. നടതുറക്കുന്നതിനു പിന്നാലെ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും.സ്‌പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട് ഇപ്പോള്‍ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലില്‍നിന്നു സ്വാമിമാരെ കടത്തിവിടു.
ശബരിമലയില്‍ പൊലീസിന്‍റെ അഞ്ചാമത്തെ ബാച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ എം. കൃഷ്ണന്‍റെ നേതൃത്വത്തില്‍ ചുമതലയേറ്റെടുത്തു. നിലവില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയാണ് എം കൃഷ്ണന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കി അവരെ സംതൃപ്തിയോടെ സന്നിധാനത്ത് നിന്ന് തിരികെ അയക്കുക എന്നതാണ് ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്നും ഡ്യൂട്ടി ഓഫീസര്‍ പുതിയ ബാച്ചിനെ ഓര്‍മപ്പെടുത്തി.
സന്നിധാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെപ്പറ്റിയും ഓരോയിടത്തും അയ്യപ്പന്മാര്‍ക്ക് ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെക്കുറിച്ചും ഓരോ പൊലീസുകാരനും അറിവുണ്ടാകണം. അവരുടെ സംശയങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും വ്യക്തമായ മറുപടി നല്‍കാനും കഴിയണമെന്ന് ഡ്യൂട്ടി ഓഫീസര്‍ പറഞ്ഞു. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തല്‍, യൂ-ടേണ്‍, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകള്‍. ഒരു മിനുറ്റില്‍ 70 അയ്യപ്പന്മാരെ പതിനെട്ടാം പടി കടത്തി വിടണം. നടപന്തലില്‍ ഭക്തരുടെ നിര ചലിപ്പിക്കാന്‍ വിവിധ ഡ്യൂട്ടി പോയിന്റുകള്‍ തമ്മിലുള്ള ഏകോപനം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഭക്തരെ ഒരു കേന്ദ്രത്തിലും തങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്. പാണ്ടിത്താവളത്ത് ആനയിറങ്ങുന്ന പ്രദേശമായതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടണം. ക്യൂ കോംപ്ലക്‌സില്‍ ശൗചാലയ കേന്ദ്രങ്ങളില്‍ കൃത്യമായ ദിശാസൂചിക ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്നു ഉറപ്പാക്കണമെന്നും ഡ്യൂട്ടി ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.10 ഡി വൈ എസ് പിമാരും, 35 സി ഐമാരും, സിപിഒ, എസ്‌ഐ, എഎസ്‌ഐ, എസ് സി പി ഓ എന്നിവരുള്‍പ്പെടെ 1593 പേരാണ് പുതിയ ബാച്ചിലുള്ളത്.