

ദിവസം 5000 പേർക്ക് മാത്രം, നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി വൻ ഭക്തജനത്തിരക്ക്
ശബരിമല: ശബരിമല ദർശനത്തിനായുള്ള സ്പോട് ബുക്കിങ് നിലയ്ക്കലിൽ പുനരാരംഭിച്ചു. ദർശനത്തിനായുള്ള തിരക്ക് ഏറിയതോടെ സ്പോട് ബുക്കിങ് ഹൈക്കോടതി 5000ആയി കുറച്ചിരുന്നു. ബുക്കിങ്ങിനായി പുലര്‍ച്ചെമുതല്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി നിര്‍ത്തിയ ബുക്കിങ് ഏഴുമണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്.
ഇന്നലെ രാത്രി പത്ത് വരെ 13,229 പേരാണ് സ്പോട്ട് ബുക്കിങ് എടുത്തത്. വിര്‍ച്വല്‍ ക്യൂ എടുത്തതില്‍ 38,224 പേര്‍ മാത്രമാണ് എത്തിയത്. ബുക്ക് ചെയ്ത അതേ ദിവസം മാത്രം ദർശനത്തിന് എത്തണമെന്ന് അറിയിച്ചിട്ടും മറ്റ് ദിവസങ്ങളില്‍ ബുക്ക് ചെയ്തവരില്‍ 27000പേര്‍ ഇന്നലെ ദര്‍ശനത്തിന് എത്തി. ആകെ എണ്‍പതിനായിരം പേരാണ് ഇന്നലെ രാത്രി പത്ത് മണി വരെ എത്തിയത്. മറ്റ് ദിവസങ്ങളിലെ ബുക്കിങ്ങുകാര്‍ നേരത്തേ വരുന്നതോടെ വരുന്ന ദിവസങ്ങളില്‍ തിരക്ക് കുറഞ്ഞേക്കും.
സ്പോട് ബുക്കിങ് കൗണ്ടർ ഉൾപ്പെടെ പൂർണമായും പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് മാറ്റിയ സാഹചര്യത്തിൽ നിലയ്ക്കലിലെ സുരക്ഷയും സൗകര്യവും കൂട്ടും. തിങ്കളാഴ്ച വരെ ദിവസേന അയ്യായിരം സ്വാമിമാർക്ക് മാത്രം സ്പോട് ബുക്കിങ്ങ് അനുവദിച്ചാൽ മതിയെന്ന ഹൈക്കോടതി നിർദേശമുള്ളതിനാൽ അത് കഴിഞ്ഞ് വരുന്ന സ്വാമിമാർക്ക് വിശ്രമിക്കാൻ ഉൾപ്പെടെ കൂടുതൽ ഇടങ്ങൾ കണ്ടെത്തും. സുരക്ഷാ വിന്യാസത്തിനായി ഇരുന്നൂറിലേറെ പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.