

തിരക്കഥ അന്വേഷണസംഘം പൊളിച്ചു
സ്വന്തം ലേഖിക
ശബരിമലയിലെ സ്വർണക്കൊള്ളയിൽ അറസ്റ്റിലായ എ. പത്മകുമാറിന്‍റെ കൃത്യമായ പങ്ക് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പുറത്തുവിട്ടിരിക്കുന്നത്. സിനിമ കഥയെ വെല്ലുന്ന തിരക്കഥയാണ് എ.പത്മകുമാർ തയ്യാറാക്കിയതെന്നാണ് വിവരം.
ആദ്യം പത്മകുമാറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീണ്ടത്. പോറ്റി മുഖ്യപ്രതിയാണെന്ന് വരുത്തി തീർക്കാനാണ് എസ്ഐടി ആദ്യം ശ്രമിച്ചത്. പതിയെ എ. പത്മകുമാറിലേക്ക് എത്താനായിരുന്നു ടീമിന്‍റെ ലക്ഷ്യം. ഭഗവാന്‍റെ സ്വർണം എടുക്കാൻ വേണ്ടി ഉണ്ണികൃഷ്ണൻ പോറ്റിയെയും മറ്റ് ദേവസ്വം ഉദ്യോഗസ്ഥരെയും ഇടനിലക്കാരാക്കിയത് പത്മകുമാറായിരുന്നു.
ഇയാൾ നിർദേശിച്ച തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിച്ച വ്യക്തികളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയും പിടിയിലായ മറ്റ് ദേവസ്വം ഉദ്യോഗസ്ഥരും എന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ എസ്ഐടി സംഘത്തിന് ബോധ്യപ്പെട്ടിരുന്നു.
2019 മെയ് 19ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ പത്മകുമാർ ചാരി നിൽക്കുന്ന ചിത്രം തെളിവിലേക്കാണ് കൈ ചൂണ്ടിയത്. ആ സമയത്ത് ദ്വാരപാലക ശിൽപ്പം സ്വർണത്തിൽ പൊതിഞ്ഞതാണെന്ന് ചിത്രത്തിൽ വ്യക്തം. വ്യാപകമായി ചിത്രം പ്രചരിച്ചതോടെ മാധ്യമങ്ങളെ വെല്ലുവിളിച്ച് പത്മകുമാർ എത്തിയത് അദ്ദേഹത്തിന് തന്നെ വിനയായി. ദ്വാരപാലക ശിൽപ്പം തനി തങ്കത്തിൽ പൊതിഞ്ഞതല്ല, ചെമ്പാണ് എന്നായിരുന്നു പത്മകുമാറിന്‍റെ വെല്ലുവിളി.
പത്മകുമാറിന്‍റെ ആ വെല്ലുവിളിയാണ് അന്വേഷണസംഘത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സത്യം പുറത്തുകൊണ്ടു വരാൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച ചിത്രം കാരണമായിയെന്ന് അന്വേഷണസംഘം തന്നെ സമ്മതിക്കുന്നുണ്ട്. മെയ് മാസത്തിൽ തങ്കം പൊതിഞ്ഞ ദൃശ്യം പ്രചരിച്ചതോടെ മെയ് മാസാവസാനത്തിൽ തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം പൂശാൻ കൊടുത്തുവിട്ടു. സ്വർണമല്ല, ചെമ്പാണെന്ന് ബോധ്യപ്പെടുത്താൻ കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ.
2019 മെയ് അവസാനത്തോടെ ശബരിമലയിലെ ഭഗവാന്‍റെ സ്വർണം മോഷ്ടിക്കപ്പെടുകയായിരുന്നു. സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്‍റെ വീട്ടിൽ വെച്ചാണ് നടക്കുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണം മോഷ്ടിച്ചതിലൂടെ പത്മകുമാറിന് വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാർ നടത്തിയ ഭൂമിയിടപാടുകൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. എസ്ഐടി ശേഖരിച്ച തെളിവുകൾ അടുത്ത ദിവസം തന്നെ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും