"കൊലചെയ്യപ്പെട്ടില്ല എങ്കിൽ": തുടർഭരണ വിവാദത്തിനു പിന്നാലെ കുറിപ്പുമായി സച്ചിദാനന്ദൻ

15 മിനിറ്റിന് ശേഷം അദ്ദേഹം പോസ്റ്റ് എഡിറ്റു ചെയ്യുകയായിരുന്നു
sachidanandan facebook post pointing death threat

സച്ചിദാനന്ദൻ

Updated on

ഇടതുപക്ഷത്തിന് ഭരണത്തുടർച്ച കിട്ടുന്നതിനെ വിമശിച്ചുകൊണ്ട് കവി സച്ചിദാനന്ദൻ‌ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ ചർച്ചയാവുന്നത് സച്ചിദാനന്ദന്‍റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ്. തന്‍റെ പുതിയ എഴുത്തുകളേക്കുറിച്ചാണ് അദ്ദേഹം പോസ്റ്റിൽ‌ പറയുന്നത്. അതിന് അവസാനമായി തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന സൂചനയാണ് അദ്ദേഹം നൽ‌കിയത്. പിന്നാലെ പോസ്റ്റ് എഡിറ്റ് ചെയ്തു.

'ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി. ചിലത് തീരെ ചെറുത്. എങ്ങോട്ട് പോകുന്നു എന്ന് നോക്കാം. ഒരു കഥാ സമാഹാരം, ഒരു കവിതാ സമാഹാരം, ഒരു ലേഖന- പ്രഭാഷണസമാഹാരം; ഇത്ര ഉണ്ടായേക്കും, കൊലചെയ്യപ്പെട്ടില്ല എങ്കിൽ'- സച്ചിദാനന്ദൻ കുറിച്ചു.

15 മിനിറ്റിന് ശേഷം അദ്ദേഹം പോസ്റ്റ് എഡിറ്റു ചെയ്യുകയായിരുന്നു. കൊലചെയ്യപ്പെട്ടില്ല എങ്കിൽ എന്ന് മാറ്റി 'അതിജീവിച്ചാൽ' എന്ന് മാറ്റുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തുന്നത്.

editorial

ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുന്നത് പാർട്ടിയെ തകർക്കുമെന്ന് സച്ചിദാനന്ദൻ പറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് നേതാക്കൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തി. കൂടാതെ സച്ചിദാനന്ദനെതിരെ സൈബർ ആക്രമണവും രൂക്ഷമായി. ഇതോടെ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല.അവർ എന്നെ വായിച്ചിട്ടില്ല, എന്‍റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ അദ്ദേഹം കുറിപ്പിൽ വിശദമാക്കി. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല.സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാന്ദന്‍റെ കുറിപ്പില്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com