
കോഴിക്കോട്: സമസ്തയുടെ മസ്തിഷ്കം ലീഗിനൊപ്പമാണെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. തട്ടം വിവാദത്തെ മുസ്ലീം ലീഗ് എതിർക്കുകയാണ് ചെയ്തത്, അതിൽ സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിഎംഎ സലാമിന്‍റെ പരാമർശത്തിൽ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടം ഇടാൻ പാടില്ലെന്നും അത് പരിഷ്കൃത സമൂഹത്തിന് ചേരുന്നില്ലെന്നുമുള്ള ചിലരുടെ പരാമർശത്തിനെതിരേയാണ് സലാം വാർത്താ സമ്മേളനം നടത്തിയത്. സലാമിന്‍റെ പരാമർശം ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതൃത്വത്തിന് സമസ്തയുടെ പോഷക സംഘടനകള്‍ പിഎംഎ സലാമിന്‍റെ പ്രസ്താവനക്കെതിരേ കത്തയച്ചു എന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്തക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ല. ആരും പരാതി അറിയിച്ചിട്ടില്ല. ലീഗ് - സമസ്ത തർക്കമെന്നത് തട്ടം വിവാദം വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്നും തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും ശിഹാബ് തങ്ങൾ കൂട്ടിചേർത്തു.