
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾക്കു പൂട്ടിടാനുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ക്യാമറകള്‍ ഉൾപ്പടെയുള്ള സേഫ് കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് അതേ പദ്ധതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ.
ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഗതാഗത വകുപ്പിന്റെ സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് 6 പരാതികള്‍ കഴിഞ്ഞ വര്‍ഷം മെയില്‍ സര്‍ക്കാരിന് ലഭിച്ചിരുന്നതായും, അതിൽ അന്വേഷണം നടക്കുന്നതുമായുമുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
2018ൽ ആരംഭിച്ച പദ്ധതിക്കായി ക്യാമറ വാങ്ങിയതിലും, സേഫ് കേരള സ്ക്വാഡിന് ലാപ്ടോപ്പ് വാങ്ങിയതിലും, വാഹനം വാങ്ങിയതിലുമൊക്കെ ക്രമക്കേട് നടന്നുവെന്ന് ആരോപിക്കുന്ന പരാതികളായിരുന്നു ലഭിച്ചത്. അവയുടെ അടിസ്ഥാനത്തില്‍ മുന്‍ ട്രാന്‍സ്പോര്‍ട്ട് ജോയിന്റ് കമ്മിഷണര്‍ രാജീവ് പുത്തലത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റ് -1 കഴിഞ്ഞ വര്‍ഷം തന്നെ പ്രാഥമികാന്വേഷണം നടത്തി ഡയറക്റ്റര്‍ക്കു റിപ്പോര്‍ട്ട് നല്കി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ മാര്‍ച്ചില്‍ സര്‍ക്കാര്‍ അനുമതി നല്കി. അഴിമതി നിരോധന നിയമം 17എ വകുപ്പ് പ്രകാരം സ്പെഷല്‍ യൂണിറ്റ് ഒന്ന് എസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
എന്നാൽ, വിജിലന്‍സ് അന്വേഷിക്കുന്ന അതേ പദ്ധതിക്കു തൊട്ടടുത്ത മാസം, ഏപ്രില്‍ 18ന് മന്ത്രിസഭായോഗം ഭരണാനുമതി നല്കി. ഏപ്രില്‍ 20ന് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്കിയവര് തന്നെ പദ്ധതിക്ക് അനുമതി നല്‍കുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു എന്ന പരസ്പര വിരുദ്ധ നടപടി കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്.
മാര്‍ച്ചില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു എന്ന് വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ച മന്ത്രി പി. രാജീവ്, നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയതെന്നും പരാതി വന്നത് ഉദ്യോഗസ്ഥനെതിരെ മാത്രമാണെന്നും വിശദീകരിച്ചു.
തനിക്കെതിരേയുള്ള പരാതികള്‍ രാജീവ് പുത്തലത്ത് നിഷേധിച്ചു. ടെന്‍ഡര്‍ നടപടികളില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന് ഉപകരാറുകളുമായി ഒരു ബന്ധവുമില്ലെന്നും മോട്ടാര്‍ വാഹന വകുപ്പിന് കീഴിലെ ഒരു ഉദ്യോഗസ്ഥനും ഇടപെട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2021 മെയില്‍ രാജീവ് പുത്തലത്ത് വിരമിച്ചിരുന്നു. അതിന് ശേഷമാണ് പരാതി എത്തുന്നതും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതും.