

സജി ചെറിയാൻ
തിരുവനന്തപുരം: വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ മലപ്പുറത്ത് വിജയിച്ചവരുടെ പേര് പരിശോധിച്ചാൽ മതിയെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
മന്ത്രിയുടെ പ്രസ്താവന ഇടതു മുന്നണിയെ ബാധിക്കുന്നതാണെന്ന വികാരം സിപിഎമ്മിനുള്ളിൽ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ഖേദ പ്രകടനം നടത്തിയിരിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന ഒരു പ്രത‍്യേക വിഭാഗത്തെ ലക്ഷ‍്യം വയ്ക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ജാതിമത വ‍്യത‍്യാസമില്ലാതെയാണ് താൻ ജനങ്ങളെ സ്‌നേഹിക്കുന്നതെന്നും മതചിന്തകൾക്കതീതമായി എല്ലാ മനുഷ‍്യരെയും ഒരുപോലെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്‍റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ‍്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര‍്യമല്ലെന്നും സജി ചെറിയാൻ പറഞ്ഞു.
തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം തന്‍റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി താൻ മനസിലാക്കുന്നുവെന്നും താൻ ബഹുമാനിക്കുന്ന ചില വ‍്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തന്നെ തെറ്റിദ്ധരിച്ചെന്നും വേദനിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. പ്രസ്താവന ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവാജ‍്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.