
കോഴിക്കോട്: കളമശേരി കൺവെൻഷൻ സെന്‍റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ ഇടപെടലിനെ പ്രശംസിച്ച് സമസ്ത. അവശ്യ ഘട്ടത്തിൽ സർക്കാർ നല്ല രീതിയിൽ തന്നെ പ്രശ്നത്തിൽ ഇടപെട്ടെന്ന് സമസ്ത അധ്യക്ഷൻ ജിഫി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സ്ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുൻപ് തന്നെ വ്യാജപ്രചാരണങ്ങൾ നടന്നു. സ്ഫോടനത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. കാളപെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ വർഗീയ പ്രശ്നം ആകുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ നല്ല രീതിയിൽ ഇടപെട്ടു. പ്രതിയെ ഉടൻ പിടികൂടിയത് നേട്ടമായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും പ്രതികരിച്ചു.