

സമീർ സക്‌സേന
കൊച്ചി: വൈസ് അഡ്മിറൽ സമീർ സക്‌സേന ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റു. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സ്‌ഥാനമൊഴിഞ്ഞ മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസിന് സേനാംഗങ്ങൾ ആചാരപരമായ യാത്രയയപ്പ് നൽകി. നാവിക സേനയിൽ നാലു പതിറ്റാണ്ടിന്റെ സേവനത്തിനുശേഷമാണു ശ്രീനിവാസ് വിരമിച്ചത്. ഓപ്പറേഷൻ വിജയ് നടക്കുമ്പോൾ ഐഎൻഎസ് ഷാൽക്കി, ഐഎൻഎസ് ശിശുമർ, ഐഎൻഎസ് ശങ്കുൽ എന്നീ അന്തർവാഹിനികളിൽ സേവനമനുഷ്ടിച്ചിട്ടുള്ള ശ്രീനിവാസ് നാവികസേനയുടെ അന്തർവാഹിനി പരിശീലക സ്‌ഥാപനമായ ഐഎൻഎസ് ശതവാഹിനിയുടെ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.
നാവികാസ്‌ഥാനത്തെ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷമാണ് വൈസ് അഡ്മിറൽ സമീർ സക്‌സേന ചുമതലയേറ്റത്. 1989 ജൂലൈ 1 ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സമീർ സക്‌സേന നാഷണൽ ഡിഫൻസ് അക്കാഡമി, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളെജ്, വെല്ലിംഗ്ടൺ, അമേരിക്കയിലെ നേവൽ വാർ കോളെജ് ന്യൂപോർട്ട് എന്നിവിടങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്. ഇന്ത്യൻ നാവിക കപ്പലുകളായ അജയ്, സുകന്യ, അക്ഷയ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാവിഗേഷൻ ആൻഡ് ഡയറക്ഷൻ വിദഗ്ധനായ സമീർ സക്‌സേന വിമാനവാഹിനി കപ്പലുകളായ ഐ എൻ എസ് വിരാട്, ഖുതർ, ഗോദാവരി, ഡൽഹി എന്നിവയുടെ ഭാഗമായിട്ടുണ്ട്.
ഐഎൻഎസ് മുംബൈയുടെ എക്സിക്യൂട്ടീവ് ഓഫിസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയുടെ വെസ്റ്റേൺ ഫ്‌ളീറ്റ് ഓപ്പറേഷൻസ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 മുതൽ 12 വരെ ചീഫ് ഒഫ് നേവൽ സ്റ്റാഫിന്‍റെ നേവൽ അസിസ്റ്റന്‍റും 2016 മുതൽ 19 വരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നാവിക ഉപദേഷ്ടാവുമായിരുന്നു. 2017 ൽ നാവിക സേന മെഡലും 2023 ൽ അതിവിശിഷ്ട സേവാ മെഡലും നേടി. ഭാര്യ ലബനി സക്‌സേന.
