ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ; പി. ജയരാജന്‍റെ ആരോപണത്തിൽ സന്ദീപ് വാര‍്യർ

ഫെയ്സ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര‍്യരുടെ പ്രതികരണം
sandeep g. varier responds to p. jayarajan allegations

സന്ദീപ് വാര‍്യർ, പി. ജയരാജൻ

Updated on: 

കാസർഗോഡ്: തൃക്കരിപ്പൂരിൽ തന്നെ വിജയിപ്പിക്കാൻ മുസ്‌ലിം വീടുകൾ കയറിയിറങ്ങി ലീഗ് മതവികാരം ഇളക്കിവിട്ടുവെന്ന സിപിഎം നേതാവ് പി. ജയരാജന്‍റെ ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര‍്യർ.

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം തനിക്കെതിരേ പച്ച വർഗീയ പ്രചരണം അഴിച്ചുവിട്ടത് ആരാണെന്ന് ഈ നാടിന് നന്നായി അറിയാമെന്നും മുസ്ലിം ലീഗ് പ്രവർത്തകർ തനിക്ക് വേണ്ടി കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്. അതൊരു പരസ്യമായ വസ്തുതയാണെന്നും അത് അഭിമാനത്തോടെ തന്നെ പറയുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേയെന്നും സന്ദീപ് വാര‍്യർ ചോദിച്ചു.

സന്ദീപ് വാര‍്യരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം സഖാവ് പി. ജയരാജന്‍റെ പുതിയ കണ്ടെത്തൽ കണ്ടു. തൃക്കരിപ്പൂരിൽ ഞാൻ ജയിച്ചത് മുസ്ലിം ലീഗ് വീടുകൾ കയറിയിറങ്ങി മതവികാരം ഇളക്കിവിട്ടത് കൊണ്ടാണത്രേ..

ജയരാജന്‍റെ സ്ഥാനാർഥി ശ്രീ. വി.പി.പി മുസ്തഫയെയാണ് തൃക്കരിപ്പൂരിലെ പ്രബുദ്ധരായ ജനങ്ങൾ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം എനിക്കെതിരെ പച്ച വർഗീയ പ്രചരണം അഴിച്ചുവിട്ടത് ആരാണെന്ന് ഈ നാടിന് നന്നായി അറിയാം. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് ഈ കുറിപ്പ് മലിനമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

പിന്നെ സഖാവ് പറഞ്ഞ ലീഗിന്റെ കാര്യം.. അതെ, മുസ്ലിം ലീഗ് പ്രവർത്തകർ എനിക്ക് വേണ്ടി കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്. അതൊരു പരസ്യമായ വസ്തുതയാണ്, അത് അഭിമാനത്തോടെ തന്നെ ഞാൻ പറയും. യു.ഡി.എഫ് പ്രവർത്തകരും ഈ നാടിന്‍റെ മാറ്റം കൊതിച്ച ജനങ്ങളും ഒറ്റക്കെട്ടായി നിന്നതിന്‍റെ ഫലമാണ് തൃക്കരിപ്പൂരിലെ വിജയം.

ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ...തോൽവിയുടെ ജാള്യത മറക്കാൻ ഇത്തരം നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്. ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു. എനിക്ക് ഇപ്പോൾ തൃക്കരിപ്പൂരിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ഭേദമില്ല. അവരുടെ എല്ലാവരുടെയും എംഎൽഎ ആയി ഞാൻ പ്രവർത്തിക്കും. പാർട്ടി, ജാതി, മതം ഇതൊന്നും ജനങ്ങൾക്ക് സേവനം ചെയ്യുന്ന കാര്യത്തിൽ തടസ്സമേ അല്ല. എന്ന് തൃക്കരിപ്പൂരിന്റെ എംഎൽഎ സന്ദീപ്‌ വാര്യർ

logo
Metro Vaartha
www.metrovaartha.com