

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകൾ വിദ്യാർഥികളെ പഠിപ്പിക്കാൻ ശ്രമം നടക്കുന്നു എന്ന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പ്രസ്താവനയ്ക്കെതിരേ വിശ്വഹിന്ദു പരിഷത്.
ഷംസീർ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും ആരോപിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാനാണ് തീരുമാനം. സ്പീക്കർ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും.
വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ആർഷ ഭാരതത്തിൽ നിലനിന്നിരുതന്നതാണെന്നു പാഠപുസ്തകങ്ങളിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഷംസീറിന്‍റെ പരാമർശം. വിമാനം കണ്ടുപിടിച്ചത് റൈറ്റ് ബ്രദേഴ്സാമെന്നാണ് താൻ പഠിച്ചതെന്നും, എന്നാൽ, ആദ്യ വിമാനം പുഷ്പകവിമാനമാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എൻഇപി) ആയിരുന്നു പ്രസംഗം. ഇസ്ലാം മതവിശ്വാസിയായ ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചെന്ന് ബിജെപിയും നേരത്തെ ആരോപിച്ചിരുന്നു. ഇതു കാണിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഗണപതി യഥാർഥത്തിൽ ജീവിച്ചിരുന്നില്ലെന്നും മിത്താണെന്നും ഷംസീർ പറഞ്ഞതിനെയും അവഹേളനമായാണ് ബിജെപി നേതാക്കൾ കണക്കാക്കിയിരിക്കുന്നത്.