''നിറത്തിന്‍റെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചു'', ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

''ചീഫ് സെക്രട്ടറി എന്ന നിലയിൽ എന്‍റെ കാലഘട്ടം കറുത്തതും എന്‍റെ മുൻഗാമിയായ ഭർത്താവിന്‍റെ കാലഘട്ടം വെളുത്തതം എന്ന രീതിയിൽ കൗതുകകരമായൊരു കമന്‍റ് ഇന്നലെ കണ്ടു...''
Kerala Chief Secretary Sarada Muraleedharan

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

Updated on

തിരുവനന്തപുരം: നിറത്തിന്‍റെ പേരിലും സ്ത്രീ ആയതിന്‍റെ പേരിലും പരിഹസിക്കപ്പെടുന്നു എന്ന ആരോപണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമർശങ്ങളെന്നും, അതിൽ പലതും വേദനിപ്പിക്കുന്നതാണെന്നും അവർ പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

''ചീഫ് സെക്രട്ടറി എന്ന നിലയിൽ എന്‍റെ കാലഘട്ടം കറുത്തതും എന്‍റെ മുൻഗാമിയായ ഭർത്താവിന്‍റെ കാലഘട്ടം വെളുത്തതം എന്ന രീതിയിൽ കൗതുകകരമായൊരു കമന്‍റ് ഇന്നലെ കണ്ടു'' എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരൻ പോസ്റ്റ് ചെയ്തിരുന്നു. ഇതു പിന്നീട് പിൻവലിച്ചെങ്കിലും, പിന്നീട് കൂടുതൽ വിശദീകരണം സഹിതം ഇത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതനുസരിച്ചാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴു മാസവും തന്‍റെ മുൻഗാമിയുമായുള്ള (ഭർത്താവ് വി. വേണു) താരതമ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. നിറത്തിന്‍റെ കാര്യത്തിലാണ് പ്രധാന താരതമ്യം. കൂടെ പരോക്ഷമായി സ്ത്രീവിരുദ്ധതയുമുണ്ടെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കറുപ്പ് ഒരു നിറമാണ്. പക്ഷേ, നല്ല കാര്യങ്ങൾ സൂചിപ്പിക്കാൻ ഒരിക്കലും അതുപയോഗിക്കാറില്ല. എപ്പോഴും മോശം കാര്യങ്ങളാണ് കറുപ്പ് ഉപയോഗിച്ച് പരാമർശിക്കപ്പെടുന്നത്. അതിന്‍റെ ആവശ്യമെന്താണെന്നും അവർ ചോദിക്കുന്നു. സർവവ്യാപിയായ പ്രപഞ്ചസത്യം എന്നാണ് കറുപ്പിനെ അവർ വിശേഷിപ്പിക്കുന്നത്.

എന്തിനെയും സ്വാംശീകരിക്കാൻ കറുപ്പിനു സാധിക്കും, മനുഷ്യരാശിക്കു പരിചിതമായ ഏറ്റവും ശക്തമായ ഊർജത്തിന്‍റെ മിടിപ്പാണത്. ഓഫിസിലെ ഡ്രസ് കോഡിനും വൈകുന്നരത്തെ സവാരിക്കും എന്നിങ്ങനെ എല്ലാവർക്കും പറ്റുന്ന നിറം, കൺമഷിയുടെ സത്ത, മഴയുടെ വാഗ്ദാനം കൂടിയാണ് കറുപ്പ്.

അമ്മയുടെ ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോയി വെളുത്ത് സുന്ദരിയായി തിരിച്ചുവരാൻ സാധിക്കുമോ എന്ന് നാലാം വയസിൽ താൻ അമ്മയോടു ചോദിച്ചിട്ടുണ്ടെന്നും ശാരദ അനുസ്മരിക്കുന്നു. നല്ലതല്ലാത്ത നിറമുള്ളവൾ എന്ന വിലാസവും പേറിയാണ് അമ്പത് വർഷമായി ജീവിക്കുന്നത്. കറുപ്പിന്‍റെ സൗന്ദര്യവും മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നു. വെളുത്ത നിറത്തോടാണ് ആകർഷണം.

എന്നാൽ, കറുപ്പിന്‍റെ പൈതൃകത്തിൽ അഭിമാനിക്കുന്നവരാണ് തന്‍റെ കുട്ടികളെന്നും ശാരദ മുരളീധരൻ കൂട്ടിച്ചേർക്കുന്നു. താൻ കാണാത്തിടത്ത് അവർക്ക് സൗന്ദര്യം കണ്ടെത്താൻ സാധിച്ചു. കറുപ്പ് ഗംഭീരമാണെന്നു ചിന്തിക്കുന്നവരാണവർ. കറുപ്പിന്‍റെ സൗന്ദര്യം തിരിച്ചറിയാൻ എന്ന പഠിപ്പിച്ചത് അവരാണെന്നും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com