''നിലയാണ്,നിലപാടല്ല: സംഘിയാക്കിയാൽ ശോഭനക്കല്ല, ഗുണം സംഘികൾക്ക്''; ശാരദക്കുട്ടി

''അവരുടെ സംഘി ചായ്‌വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് i dnt care ഭാവമായിരിക്കും അവരുടേത്''
Shobana
ShobanaFile

കൊച്ചി: സ്ത്രീശക്തി മോദിക്കൊപ്പമെന്ന പരുപാടിയിൽ പങ്കെടുത്തതിനു പിന്നാലെ നടി ശോഭനയുടെ രാഷ്ട്രീയ നിലപാടുകളെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. മല്ലികാ സാരാഭായ് യെ പോലെയോ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന, നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ലെന്നുമായിരുന്നു ശാരദയുടെ കുറിപ്പ്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില . നില മാത്രമാണത്. നിലപാടല്ലെന്നും ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം.....

നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളിൽ പോലും അവർ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.

അവരുടെ വേദികൾ, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് അവർ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവർ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല.

നാളെ ഗവർണ്ണറുടെ വേദിയിലും കോൺഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകൾ വഹിക്കാൻ സംഘാടകർ തയ്യാറെങ്കിൽ . എഴുതിക്കൊണ്ടുവന്ന പ്രസംഗം അവർ തപ്പിയും തടഞ്ഞും വായിക്കും.

അവരുടെ സംഘി ചായ്വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് i dnt care ഭാവമായിരിക്കും അവരുടേത്. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്.

മല്ലികാ സാരാഭായ് യെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന.

BJP സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാൻ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവർ വായിച്ചു തീർത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല, സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com