വിജയത്തിളക്കം കണ്ണീരായി: ഗ്രേസ് മാർക്കില്ലാതെ സാരംഗിന് ഫുൾ എ പ്ലസ്

സാരംഗിന്‍റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു
വിജയത്തിളക്കം കണ്ണീരായി: ഗ്രേസ് മാർക്കില്ലാതെ സാരംഗിന് ഫുൾ എ പ്ലസ്

കല്ലമ്പലം: പത്താം ക്ലാസ് ഫലമറിയാൻ കാത്തു നിൽക്കാതെ അകാല മരണമടഞ്ഞ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ് എസ്എൽസി ഫലം കാത്തിരുന്ന സാരംഗിന്‍റെ കുടുംബത്തിന് ഈ വിജയത്തിളക്കം ഹൃദയം നുറുങ്ങുന്ന കണ്ണീരിന്‍റേതാണ്. സാരംഗിന്‍റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (15) പുതു ജീവൻ ഏകിയത് 6 പേർക്കാണ്. സാരംഗിന്‍റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ്, ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ മരണം അതിന് കാത്തുനിന്നില്ല. മേയ് 13 നാണ് അപകടമുണ്ടാവുന്നത്.

സാരംഗ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് തെറിച്ച് റോഡിൽവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സിയിലായിരുന്നു. ബുധനാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്‍റേയും രജനിയുടെയും മകനാണ് സാരംഗ്.

വലിയ ഫുട്ബോൾ താരമാവണമെന്നായിരുന്നു സാരംഗിന്‍റെ ആഗ്രഹം. പഠുത്തത്തിൽ അതിശയകരമായ മികവു പുലർത്തുമ്പോഴും ഒപ്പം ഫുട്ബോൾ പ്രണയവും സാരംഗ് കൈവിട്ടില്ല. റൊണാൾഡോയായിരുന്നു ഇഷ്ടതാരം.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ നാട്ടുകാർക്കും അധ്യാപകർക്കും കൂട്ടുകാർക്കുമൊക്കെ ഈ വിജയമധുരം കയ്പ്പുള്ളതാണ്, കണ്ണീരിന്‍റേതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com