ശരത്‌ചന്ദ്ര പ്രസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു

എഐസിസി അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്
ടി. ശരത്ചന്ദ്ര പ്രസാദ്
ടി. ശരത്ചന്ദ്ര പ്രസാദ്
Updated on

തിരുവനന്തപുരം: കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ച് കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ ടി ശരത് ചന്ദ്രപ്രസാദ്. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് തീരുമാനം.

20 പാർലമെന്‍റ് മണ്ഡലങ്ങളുടെയും ചുമതല കെപിസിസി ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും വീതിച്ചുനൽകിയിരുന്നു. എന്നാൽ ശരത് ചന്ദ്രപ്രസാദിന് ഒരു മണ്ഡലത്തിന്‍റെയും ചുമതല ലഭിച്ചില്ല.

രാജിപ്രഖ്യാപനം സമ്മർദ തന്ത്രമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.കെപിസിസി നേതൃത്വത്തിന് രാജി നൽകുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്രപ്രസാദ് രാജിക്കത്ത് നൽകിയത്.

എന്നാൽ രാജി സ്വീകരിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.ശരത്ചന്ദ്ര പ്രസാദിന്‍റെ അതൃപ്തിയിൽ താന്‍ അദ്ദേഹവുമായി സംസാരിച്ചുവെന്നും അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശരത് ചന്ദ്രപ്രസാദ് ബിജെപിയിൽ പോകുമെന്ന് നേരത്തെ പ്രചാരണമുണ്ടായെങ്കിലും അതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.

തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

തിരുവനന്തപുരം: എഐസിസി അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. പരേതനായ ചലച്ചിത്ര സംവിധാ‍യകൻ ലെനിൻ രാജേന്ദ്രന്‍റെ സഹോദരിയാണ്.

സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് തങ്കമണി ദിവാകരൻ കുറ്റപ്പെടുത്തി. 27 വയസ്സ് മുതൽ കോൺഗ്രസിന്‍റെ സജീവ പ്രവര്‍ത്തകയാണ്. എന്നാൽ പാര്‍ട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടു.പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നത്. സ്ത്രീകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ അറിയിച്ചു.

ഉമ്മൻചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തങ്കമണി ദിവാകരൻ പരാജയപ്പെട്ടിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യനാണ് അന്ന് വിജയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com