

ഭിന്നശേഷി സർഗോത്സവം ജനുവരി 19 മുതൽ 21 വരെ
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷി സർഗോത്സവം "സവിശേഷ-കാർണിവൽ ഒഫ് ദ ഡിഫറന്‍റ്' ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. അസിസ്റ്റീവ് ടെക്നോളജി ഡെമോൺസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശിൽപ്പശാലല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ സർഗോത്സവത്തിന്‍റെ സവിശേഷതകളാകും.
ഭിന്നശേഷി സഹായ സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭിന്നശേഷിക്കാർ നിർമിച്ച ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശന-വിപണനം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്രതലത്തിലെ നവീന ആശയങ്ങളും അവതരിപ്പിക്കും. തൊഴിൽ മേളയും നിയമ അവബോധ പരിപാടികളും രക്ഷിതാക്കൾക്കും പരിചാരകർക്കുമുള്ള പിന്തുണാ സംവിധാനങ്ങൾ സംബന്ധിച്ച ബോധവത്കരണവും നടക്കും. വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ എന്നിവരുമായുള്ള സംവാദങ്ങൾക്കും സർഗോത്സവത്തിൽ ഇടംലഭിക്കും. ഭിന്നശേഷി കലാകാരന്മാരുടെ സംഗീതം, നൃത്തം, നാടകം, മറ്റ് ദൃശ്യാവതരണ പരിപാടികൾ എന്നിവ മേളയ്ക്ക് മിഴിവേകും.
ന്യൂറോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികൾ മേളയുടെ ഭാഗമാകും. "അൻപ്' ബയോസ്‌കോപ്പ് ഇൻക്ലൂസീവ് സിനിമകളും പ്രദർശിപ്പിക്കും. സാമൂഹികസമത്വം ആധാരമാക്കിയ ഇൻക്ലുസീവ് കായിക മത്സരങ്ങളോടെയുള്ള ഒളിംപിക്സ് "സവിശേഷ' യുടെ മുഖ്യ ആകർഷണമാകും. കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക അയൽക്കൂട്ടങ്ങളും നേതൃത്വം നൽകുന്ന ഭക്ഷ്യമേള, സ്വയംതൊഴിൽ നിർമാണ ഉത്പന്നങ്ങളുട പ്രദർശന, വിപണന മേള എന്നിവയും സർഗോത്സവത്തിൽ ഇടംപിടിക്കും.