മേക്കോവറിനായി മുഖ്യമന്ത്രി പിആർ ഏജൻസിയെ ഉപയോഗിച്ചതു മറക്കരുത്: വി.ഡി. സതീശൻ

കോൺഗ്രസ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് എന്ന് പിണറായി വിജയൻ പഠിപ്പിക്കാൻ വരണ്ട
VD Satheesan
VD Satheesanfile

തിരുവനന്തപുരം: രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് എന്ന് പിണറായി വിജയൻ പഠിപ്പിക്കാൻ വരണ്ട. കൊവിഡ് കാലത്തെ പത്രസമ്മേളനത്തിൽ വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പിആർ ഏജൻസിയെക്കുറിച്ച് പറയിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു.

തുടർഭരണം ലഭിക്കുന്നതിന് രണ്ടു വർഷം മുമ്പ് മുതൽ മുഖ്യമന്ത്രി സ്വന്തമായി മുംബൈയിലെ പിആർ ഏജൻസിയിൽ സേവനം തേടിയിരുന്നു. രണ്ടു വർഷത്തോളം കേരളത്തിൽ ചെലവിട്ടവർ നിയമസഭയുടെ ഗാലറിയിലുണ്ടായിരുന്നു. ശരീരഭാഷ മനസിലാക്കി എങ്ങനെ സംസാരിക്കണമെന്നു പഠിപ്പിച്ചത് അവരാണെന്ന് സതീശൻ പറഞ്ഞു.

കൊവിഡ് കാലത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനായി ഉള്ളടക്കം എഴുതി നൽകിയിരുന്നത് ഈ ഏജൻസിയാണ്. അവരാണ് കുരങ്ങനും നായക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം എഴുതിക്കൊടുത്തത്. മുംബൈയിലെ പി ആർ ഏജൻസിക്കാർ ഇപ്പോഴും ഇവിടെയുണ്ട്. രണ്ടു കണ്ണിലും തിമിരം ബാധിച്ച ഒരാൾ മറ്റുള്ളവരെ നോക്കി അവർക്ക് കാഴ്ചയില്ലെന്ന് പറയുന്ന രീതിയാണ് ഇപ്പോൾ നടന്നതെന്നും സതീശൻ വിമർശിച്ചു.

സുനിൽ കനഗോലു കോൺഗ്രസ് അംഗമാണ്. കനഗോലു നേരത്തെ പി.ആർ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ടാകും. ഏഴംഗ ടാസ്ക് ഫോഴ്സിലും അദ്ദേഹം അംഗമാണ്. ഇനി കോൺഗ്രസ് പി ആർ ഏജൻസികൾ ഉപയോഗിച്ചെങ്കിൽ തന്നെ എന്താണ് തെറ്റ്? പി ആർ ഏജൻസികളെ ഉപയോഗിക്കാത്ത ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് നടത്താൻ അറിയാമെന്ന് രണ്ടു ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പിണറായിക്ക് ബോധ്യപ്പെട്ടു കാണുമല്ലോ. എകെജി സെന്ററിൽ അറിയിച്ചിട്ടല്ല കോൺഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്നും സതീശൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com