

അബൂട്ടി വെള്ളിലി
റിയാദ്: സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്‍റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷയാണ് നടപ്പാക്കിയത്. ദമാമിലെ ജയിൽ വളപ്പിൽവച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
2023ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് എത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരാൾ തന്ന പാഴ്സലാണ് ഇതെന്നും മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അബൂട്ടി വിചാരണവേളയിൽ വാദിച്ചു. എന്നാൽ പ്രതിക്കെതിരായ തെളിവുകൾ ശക്തമായിരുന്നു. തുടർന്നാണ് സൗദി കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.വിധി ചോദ്യം ചെയ്ത് അബൂട്ടി ഉന്നതതല ഹർജി നൽകിയിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു.