

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി
കൊച്ചി: കാസർഗോഡ് കുമ്പള, മഞ്ചേശ്വരം, ഉപ്പള ഉപജില്ലകളിലെ എൽപി സ്കൂൾ വിദ‍്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിൽ വിവാദമായ ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.
കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ‍്യാപകനായ ഗുരു പ്രസാദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി സസ്പെൻഷനുള്ള സ്റ്റേ നീട്ടിയിരിക്കുന്നത്.
ബ്രിട്ടീഷുകാരിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര‍്യ സമരസേനാനി ആരാണെന്നായിരുന്നു വിവാദ ചോദ‍്യം. അധ‍്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ വി.ഡി. സവർക്കറെന്നായിരുന്നു ഉത്തരമായി രേഖപ്പെടുത്തിയിരുന്നത്.
അധ‍്യാപകന് സംഘപരിവാർ ബന്ധമുണ്ടെന്ന് ഇതിനു പിന്നാലെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് പൊതുവിദ‍്യാഭ‍്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പൊതുവിദ‍്യാഭ‍്യാസ ഡയറക്റ്റർ അധ‍്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.