

ജയസൂര‍്യ
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി നടൻ ജയസൂര‍്യ. മൂന്നാം തവണയും ഹാജരാവണെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും മാധ‍്യമങ്ങളുടെ നുണ പ്രചാരണമാണിതെന്നുമാണ് ജയസൂര‍്യ പറയുന്നത്.
24ന് ഹാജരാവണെന്ന് സമൻസ് ലഭിച്ചപ്പോൾ ഹാജരായിരുന്നു പിന്നീട് 29നും ഹാജരായെന്നും ഇതു കൂടാതെ വീണ്ടും ഹാജരാവാൻ സമൻസ് ലഭിച്ചിട്ടില്ലെന്നും ജയസൂര‍്യ പറഞ്ഞു.
പരസ‍്യ ആവശ‍്യങ്ങൾക്കും മറ്റുമായി തന്നെ സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാവുമോയെന്നാണ് ജയസൂര‍്യ ചോദിക്കുന്നത്. സേവ് ബോക്സ് ആപ്പ് ഉടമ സ്വാതിഖ് റഹീമിന്‍റെ കമ്പനികളിൽ നിന്ന് ജയസൂര‍്യയുടെയും ഭാര‍്യയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടിയോളം രൂപ എത്തിയെന്ന് കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയിരുന്നു.
ജയസൂര‍്യയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ഇഡി പരിശോധന തുടരുകയാണ്. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.