

സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ സീറ്റുകൾ നിലനിർത്തുമെന്നും സീറ്റുകൾ വെച്ചുമാറില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അർഹതപ്പെട്ട സീറ്റുകൾ ലീഗിന് വേണ്ടിവരും. ലീഗ് നേരത്തെ തന്നെ മത്സരിക്കുന്ന സീറ്റുകളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ലീഗിന്‍റെ കൈവശമുള്ള സീറ്റുകൾ വെച്ചുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുവായൂർ, തിരുവമ്പാടി, കുന്ദമംഗലം, പേരാമ്പ്ര സീറ്റുകളൊന്നും വച്ചു മാറില്ല. നിലവിലെ സീറ്റുകൾ നിലനിർത്താനാണ് ലീഗ് ആഗ്രഹിക്കുന്നത്. അർഹതപ്പെട്ട സീറ്റുകളിലേക്ക് കൂടി ചർച്ചകളിൽ ആവശ്യമുന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി, യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.