മുല്ലപ്പെരിയാർ സർവേ: സുപ്രീം കോടതി ഉത്തരവ് കേരളത്തിനു തിരിച്ചടിയായേക്കും

1886ലെ പാട്ടക്കരാർ പ്രകാരം 800 ഏക്കർ സ്ഥലമാണ് മദ്രാസ് പ്രസിഡൻസിക്ക് തിരുവിതാംകൂർ പാട്ടത്തിനു കൊടുത്തത്. എന്നാൽ, ഈ സ്ഥലം നിർണയിക്കുന്നതിനുള്ള സർവേ നടത്തുകയോ അതിരുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
Mullaperiyar dam
Mullaperiyar dam

അജയൻ

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് മേഖലയിൽ സർവേ നടത്താൻ സുപ്രീം കോടതി തമിഴ്‌നാടിന് അനുമതി നൽകിയത് കേരളത്തിനു തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ. 2017ൽ പെരിയാർ കടുവാ സങ്കേതത്തിനടുത്ത് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് കേരള വനം വകുപ്പ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി നേടിയെടുത്തിരുന്നതാണ്. ഇത് ജലവിഭവ വഷയവുമായി ബന്ധപ്പെടുത്തി സുപ്രീം കോടതിയിൽ തമിഴ്‌നാട് ചോദ്യം ചെയ്തു. എന്നാൽ, പ്രതിരോധമുയർത്തുന്നതിൽ കേരളത്തിന്‍റെ ജലവിഭവ വകുപ്പ് അനാസ്ഥ കാണിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ എതിർ വിധിയുണ്ടാകാൻ കാരണം.

കൈയേറിയ സ്ഥലത്താണ് കേരളം പാർക്കിങ് ഏരിയ നിർമിച്ചിരിക്കുന്നതെന്നാരോപിച്ചാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചിരിക്കുന്നതും. പുതിയ ഉത്തരവ് പെരിയാർ കടുവ സങ്കേതത്തിലെ വന്യജീവി സംരക്ഷണ പദ്ധതികളെപ്പോലും ബാധിക്കുമെന്നാണ് ആശങ്ക. യഥാർഥത്തിൽ കേരളത്തിന്‍റെ സ്ഥലത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുന്നത്. ഇതിലെ വെള്ളത്തിനും അണക്കെട്ടിന്‍റെ പരിപാലനത്തിനുമുള്ള അവകാശമാണ് 999 വർഷത്തെ പാട്ടക്കരാർ വഴി പഴയ തിരുവിതാംകൂർ അന്നത്തെ മദ്രാസ് പ്രസിൻസിക്കു പാട്ടത്തിനു കൊടുത്തിട്ടുള്ളത്.

കടുവ സങ്കേതത്തിലേക്ക് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കേരളം കടുവ സങ്കേതത്തിനു പുറത്ത് ആനവച്ചാലിൽ പാർക്കിങ് ഏരിയ നിർമിക്കാൻ പദ്ധതി തയാറാക്കിയത്. സഞ്ചാരികളുടെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്ത ശേഷം വനം വകുപ്പിന്‍റെ വാഹനത്തിൽ മാത്രം ഇവരെ ഉള്ളിലേക്കു പ്രവേശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഈ വിഷയത്തെ ജലവിഭവ വിഷയവുമായി ബന്ധിപ്പിച്ചാണ് തമിഴ്‌നാട് കോടതിയിൽ നേരിട്ടത്.

2014ൽ കേരള സർക്കാർ ഇവിടെ പാർക്കിങ് ഏരിയ നിർമിക്കാൻ പദ്ധതി തയാറാക്കിയപ്പോൾ തന്നെ തമിഴ്‌നാട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നതാണ്. മുല്ലപ്പെരിയാർ അണക്കെട്ട് പാട്ടത്തിനു നൽകിയ 1886ലെ കരാറിന്‍റെ ലംഘനമാണിതെന്നായിരുന്നു ആരോപണം. ഈ വാദത്തിന്‍റെ സാധുത പരിശോധിക്കാൻ അണക്കെട്ട് മേഖലയിൽ സർവേ നടത്തുക മാത്രമാണ് മാർഗം. ഇതിനാണ് സുപ്രീം കോടതി മൂന്നു മാസത്തിനുള്ളിൽ സർവേ നടത്താൻ നിർദേശിച്ചിരിക്കുന്നത്.

2017 മുതൽ ഈ തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കാണാത്ത സാഹചര്യത്തിലാണ് ഇതു കോടതിയിലെത്തിയത്. 1886ലെ പാട്ടക്കാർ ഒപ്പുവച്ചിരിക്കുന്നത് തിരുവിതാംകൂറും മദ്രാസ് പ്രസിഡൻസിയും തമ്മിലാണ്. ഇതുപ്രകാരം 800 ഏക്കർ സ്ഥലമാണ് മദ്രാസ് പ്രസിഡൻസിക്കു തിരുവിതാംകൂർ പാട്ടത്തിനു നൽകിയിരിക്കുന്നത്. എന്നാൽ, ഈ സ്ഥലം നിർണയിക്കുന്നതിനുള്ള സർവേകളോ അതിർത്തി നിർണയമോ ഇന്നുവരെ നടത്തിയിട്ടില്ല.

മാറിമാറിവന്ന വന സംരക്ഷണ നിയമങ്ങൾ കാരണം മേഖലയിൽ തമിഴ്‌നാടിനുള്ള അവകാശം അണക്കെട്ടിലേക്കു മാത്രമായി ചുരുങ്ങാൻ തന്നെയാണ് സാധ്യത. എന്നാൽ, ഇക്കാര്യം കോടതിയിൽ സ്ഥാപിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കേരളം ഇനിയും വീഴ്ച വരുത്തിയാൽ അണക്കെട്ടിനെച്ചൊല്ലി നിലനിൽക്കുന്ന തർക്കങ്ങൾ കൂടുതൽ വഷളാകാനാണ് സാധ്യത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com