

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ, 31 വിദ്യാർഥികൾ ആശുപത്രിയിൽ
കോട്ടയം: പൂഞ്ഞാറിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 31 വിദ്യാർഥികൾ ആശുപത്രിയിൽ. പാതാമ്പുഴ മലയിഞ്ചിപ്പാറ സെയ്ന്‍റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ബുധനാഴ്ച സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികൾക്ക് തളർച്ച അനുഭവപ്പെട്ടത്. സ്‌കൂൾവിട്ട സമയത്താണ് പലരും ഛർദ്ദിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ കുട്ടികളെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് കുട്ടികളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിലെത്തിയശേഷം ഛർദ്ദിച്ച കുട്ടികളും ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചയ്ക്ക് ചോറിന്റെ കൂടെ പയറും മോരുമാണ് കുട്ടികൾക്ക് നൽകിയത്. 53 കുട്ടികളാണ് സ്‌കൂളിലുള്ളത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അപകടനിലയിലല്ലെന്ന് പാലാ ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് പറഞ്ഞു.