കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

പ്രകൃതിക്കോ മത്സ്യസമ്പത്തിനോ കോട്ടം സംഭവിക്കുന്നില്ലെന്ന് നൂറു ശതമാനം ഉറപ്പാക്കിയ ശേഷമാണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്
Seaplane to reach four tourist destinations from Kochi

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

Updated on

ജിബി സദാശിവൻ

കൊച്ചി: ഉഡാന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നാലു കേന്ദ്രങ്ങളിലേക്ക് സീ പ്ലെയിന്‍ സര്‍വീസ് കൊച്ചി കേന്ദ്രമാക്കി ആരംഭിക്കാൻ പദ്ധതി. ഇതിനു കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി. എറണാകുളം ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി ഡാം, കോവളം, കൊല്ലം അഷ്ടമുടി, ആലപ്പുഴ പുന്നമട, കോട്ടയം കുമരകം, പാലക്കാട്ട് മലമ്പുഴ, കാസർഗോഡ് ബേക്കല്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പദ്ധതി വ്യാപിക്കാനാണ് ടൂറിസം വകുപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരുന്നത്.

പ്രകൃതിക്കോ മത്സ്യസമ്പത്തിനോ കോട്ടം സംഭവിക്കുന്നില്ലെന്ന് നൂറു ശതമാനം ഉറപ്പാക്കിയ ശേഷമാണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ലക്ഷദ്വീപിലേക്ക് കൊച്ചിയില്‍ നിന്നുള്ള ആദ്യ സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കാനുനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും കൊച്ചി നെടുമ്പാശേരി വിമാനത്താവള കമ്പനി (സിയാൽ) അധികൃതർ വ്യക്തമാക്കി.

അടുത്തമാസത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാൽ എയർപോർട്ട് ഡയറക്റ്റര്‍ ജി. മനു "മെട്രൊ വാർത്ത'യോട് പറഞ്ഞു. സ്‌പൈസ് ജെറ്റിനെയാണ് സീ പ്ലെയിന്‍ സര്‍വീസ് നടത്തുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബോൾഗാട്ടിയിൽ സ്‌ഥാപിക്കുന്ന ഫ്ലോട്ടിങ് ജെട്ടിയും വാട്ടർ എയ്റോഡ്രോമും വഴിയാകും സീ പ്ലെയ്ൻ സർവീസ് ആരംഭിക്കുക.

കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി പ്രകാരം ആരംഭിക്കുന്ന സര്‍വീസ് വഴി കുറഞ്ഞ നിരക്കിലുള്ള യാത്രയാണ് ലക്ഷ്യമിടുന്നത്. ഉഡാന്‍ സബ്‌സിഡി ലഭിക്കുന്നതോടെ ഒരാള്‍ക്ക് 2,000 മുതല്‍ 4,000 രൂപ വരെ ചെലവിൽ ലക്ഷദ്വീപിൽ പോയി വരാം. നിലവില്‍ 5,000 രൂപ മുതല്‍ 7,000 വരെയാണ് ലക്ഷദ്വീപിലേക്കുള്ള വിമാന ടിക്കറ്റ്. ലക്ഷദ്വീപിലെ ഏതെല്ലാം ദ്വീപിലേക്കായിരിക്കും സര്‍വീസ് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ദ്വീപിലേക്കുള്ള ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തികൊണ്ടായിരിക്കും സര്‍വീസ്.

ദ്വീപിലേക്കും ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്കും സീപ്ലെയിന്‍ സര്‍വീസിന്‍റെ പരീക്ഷണാര്‍ഥമുള്ള പറക്കല്‍ വിജയകരമായിരുന്നു. ദ്വീപിലേക്കുള്ള പദ്ധതിയുടെ ഡീറ്റെയില്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആർ) അംഗീകരിക്കുകയും 2016 സെപ്തംബറില്‍ അഗത്തിയിലേക്ക് പരീക്ഷണപറക്കല്‍ നടത്തുകയും ചെയ്തുവെങ്കിലും വിവിധ സാങ്കേതികാരണങ്ങളാല്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്നത് വൈകുകയായിരുന്നു. അഗത്തി, മിനിക്കോയ്, കവരത്തി എന്നി ദ്വീപുകളിലേക്ക് സര്‍വീസ് നടത്തുന്നതിനാണ് മുന്‍ഗണന.

കൊച്ചി ബോള്‍ഗാട്ടി കായല്‍ കേന്ദ്രീകരിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ സഹകരണത്തോടെയാണ് സര്‍വീസ്. 8 മുതല്‍ 20 വരെ പേര്‍ക്ക് യാത്രചെയ്യാവുന്ന സീപ്ലെയിനുകളാണ് സര്‍വീസ് നടത്തുക. കൊച്ചി കായലില്‍ ഇതിനായുള്ള ടെര്‍മിനല്‍ സൗകര്യങ്ങള്‍ സജ്ജമാക്കും. കേരളത്തില്‍ വിനോദ സഞ്ചാരമേഖലയില്‍ സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി 2024 നവംബറില്‍ മാട്ടുപ്പെട്ടി ഡാമിലേക്ക് പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.

ശബരിമലയിലേക്കുള്ള ഹെലിടാക്‌സി8/21/2025 9:34:11 PM സർവീസ് ചെലവ് കൂടുതലായതിനാൽ സാമ്പത്തിക ലാഭമുണ്ടാകുമോ എന്ന സംശയമുണ്ട്. ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് ഹെലി ടാക്‌സി സർവീസുകൾ പരിഗണനയിലുണ്ടെന്നും സിയാൽ അധികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com