
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്തിന്റെ സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ വളർച്ചയിൽ സമുദ്രശക്തി നിർണായകമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നാവിക സേനയുടെ പ്രധാന പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ "പ്രസിഡന്റ്സ് കളർ ബഹുമതി' സമ്മാനിക്കുകയായിരുന്നു ദ്രൗപതി മുർമു. ലെഫ്. കമാൻഡന്റ് ദീപക് സ്കറിയ ബഹുമതി ഏറ്റുവാങ്ങി.
നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടൽയാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായ ഇന്ത്യയിൽ ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. 75 വർഷമായി, യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ധ്യമുള്ളതുമായ നാവികസേന എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക-സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിനു സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും വ്യാപാര പാതകൾ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യൻ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയിൽ രാജ്യം അഭിമാനിക്കുന്നു.
ദൗത്യ-സജ്ജവും പ്രതികരണ സജ്ജവുമായ സേന എന്ന നിലയിൽ ഇന്ത്യൻ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രാതിർത്തിയിലെ ആകസ്മിക സംഭവങ്ങളോടുള്ള "ദ്രുത പ്രതികരണത്തിനും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനും രാജ്യം നാവികസേനയെ ഉറ്റുനോക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
നേരത്തെ, ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച രാഷ്ട്രപതി തദ്ദേശീയമായി നിർമിച്ച ആധുനിക വിമാനവാഹിനിക്കപ്പൽ ആത്മനിർഭർ ഭാരതത്തിന്റെ ഉജ്വല ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പൽ നിർമിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മുഴുവൻ നാവിക സേനാംഗങ്ങളെയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിനെയും വിക്രാന്ത് യാഥാർഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക തപാൽ കവർ രാഷ്ട്രപതി പുറത്തിറക്കി.
ഐഎൻഎസ് ദ്രോണാചാര്യയിലെത്തിയ സർവസൈന്യാധിപയെ 150 സേനാംഗങ്ങൾ ഗാർഡ് ഒഫ് ഓണർ നൽകി സ്വീകരിച്ചു. രാഷ്ട്രപതിയോടുള്ള ബഹുമാനാർഥം 21 ആചാരവെടികൾ മുഴക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവിക സേനാ മേധാവി ആർ.ഹരികുമാർ, ദക്ഷിണ നാവിക സേനാ മേധാവി എം.എ.ഹംപിഹോളി, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മഞ്ജു പിള്ള എന്നിവർ പങ്കെടുത്തു.