കൽപറ്റ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിൽ നിന്ന് സന്നദ്ധ പ്രവർത്തകർ പിൻവാങ്ങിയതോടെ തിരച്ചില്‍ നിലച്ചു. ചെളിനിറഞ്ഞ പുഴയുടെ ഒഴുക്ക് സുഗമമാക്കാന്‍ 2 ജെസിബികളുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ദുരന്തഭൂമിയില്‍ അവശേഷിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സേനകളിലെ ഭൂരിപക്ഷം പേരെയും മടക്കി വിളിച്ചതിന് ശേഷം സന്നദ്ധ പ്രവർത്തകരാണ് തിരച്ചിലിന് മുന്നിലുണ്ടായിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളോ, ശരീരഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാതായതോടെ സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നിർത്തി മടങ്ങിക്കൊണ്ടിരിക്കുകയാണ്. മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാതായവർക്കുള്ള തിരച്ചിൽ നടക്കുന്നില്ല.
ദുരന്തമുഖത്ത് നടത്തിയിരുന്ന ജനകീയ തിരച്ചിലും വിദഗ്ധ പരിശീലനം നേടിയവരടങ്ങുന്ന സംഘവുമായി ചാലിയാറില്‍ നടത്തിയ തിരച്ചിലും നിര്‍ത്തി. ഇതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കടക്കം ഭക്ഷണം നല്‍കിയിരുന്ന കമ്യൂണിറ്റി കിച്ചനും അടച്ചു. അതേസമയം ഔദ്യോഗികമായി സര്‍ക്കാര്‍ തിരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചിട്ടില്ല.