രണ്ടാം പിണറായി സർക്കാർ നാലാം ​​വർഷത്തിലേക്ക്: കൂടുതൽ കരുത്തോടെ ജനകീയ വികസന മാതൃക; മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ ഒരു സീറ്റു മാത്രം വിജയിച്ച ദയനീയ തോല്‍വിയുടെ ഞെട്ടലില്‍ നില്‍ക്കെ ഒന്നാം പിണറായി സര്‍ക്കാർ മൂന്നാം വാർഷികം ആഘോഷിച്ചിരുന്നു
second pinarayi government enters its fourth year
മുഖ്യമന്ത്രി പിണറായി വിജയൻ

എം.ബി. സന്തോഷ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്നലെ മൂന്നു വർഷം പൂർത്തിയാക്കിയെങ്കിലും ആഘോഷം ജൂൺ നാലിനു ശേഷം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് ആഘോഷങ്ങൾക്ക് തടസം.

കേരളത്തിന്‍റെ 12ാം മുഖ്യമന്ത്രിയായി പിണറായി വിജയൻ 2016 മെയ് 25നാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്ത് അധികാരമേറ്റത്. അന്ന് 91 എംഎൽഎമാരുടെ പിന്തുണയാണ് എൽഡിഎഫിനുണ്ടായിരുന്നത്. അഞ്ച് വർഷങ്ങൾക്കിപ്പുറം അതേ വേദിയിൽ ചരിത്രം തിരുത്തി 99 എംഎൽഎമാരുമായാണ് പിണറായി രണ്ടാമതും അധികാരമേറ്റത്.

ഭരണഘടന സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ സജി ചെറിയാൻ രാജിവയ്ക്കുകയും തിരിച്ചുവരികയും ചെയ്തു. എൽഡിഎഫിന്‍റെ ധാരണ പ്രകാരം ആന്‍റണി രാജു, അഹമദ് ദേവർകോവിൽ എന്നിവർ രണ്ടര വർഷത്തിനു ശേഷം ഒഴിഞ്ഞ് കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പകരം അധികാരമേറ്റു. ഓണം മുതൽ കപ്പലടുത്തു തുടങ്ങുമെന്ന പ്രതീക്ഷയുള്ള വിഴിഞ്ഞത്തിന്‍റെ ഭാവി വികസനം ലക്ഷ്യമിട്ട് തുറമുഖ വകുപ്പ് ഘടകകക്ഷിയിൽ നിന്ന് ഏറ്റെടുത്ത് സിപിഎം മന്ത്രി വി.എൻ. വാസവന് നൽകുകയും കടന്നപ്പള്ളിക്ക് പകരം രജിസ്ട്രേഷൻ നൽകുകയും ചെയ്തത് ഒരു അസ്വാരസ്യവും ഇല്ലാതെയാണ്.

വാതിൽപ്പടി സേവനം മുതൽ സർക്കാർ ഓഫിസുകളിലെ നടപടികളുടെ ലഘൂകരണവും ഓൺലൈൻവത്കരണവുമായി സർക്കാർ മുന്നോട്ടു പോവുകയാണെങ്കിലും അഴിമതിയിലാണ്ട ഒരു വിഭാഗം ഇതിനെ അട്ടിമറിക്കുന്നതിനാൽ ജനങ്ങൾക്ക് അതിന്‍റെ പ്രയോജനം പൂർണമായും ലഭിക്കുന്നില്ല. പൊതുവിതരണ മേഖലയിൽ സർക്കാരിന്‍റെ ഇടപെടൽ നാമമാത്രമായി. കെ ഫോൺ പോലുള്ളവ പാതിവഴിയിലാണ്. കെഎസ്ആർടിസിയിൽ ശമ്പള അനിശ്ചിതാവസ്ഥ നീങ്ങിയിട്ടുമില്ല.

സിൽവർ ലൈൻ വേഗ റെയ‌ലിലാണ് ആദ്യം സർക്കാർ വികസന പാത തുറന്നതെങ്കിലും ആരോടും ഒന്നും പറയാതെ രഹസ്യമായി മഞ്ഞക്കുറ്റിയുമായി എത്തിയ നടപടിക്കെതിരേ ജനം ഇറങ്ങിയപ്പോൾ അത് മരവിപ്പിക്കാൻ സർക്കാർ നിർബന്ധിതമായി. വന്ദേഭാരത് വന്നതോടെ വേഗ റെയ്ൽ വേണമെന്ന ചിന്ത വന്നത് സർക്കാരിന് അനുകൂലമാക്കാനാണ് ശ്രമം. ഈ മാസം മുതൽ സാമൂഹിക പെൻഷൻ കൃത്യമായി നൽകുമെന്നാണ് പ്രഖ്യാപനമെങ്കിലും അതിലെ അനശ്ചിതത്വം തുടരുകയാണ്. സർക്കാരുമായി നിരന്തരം എതിരിടുന്ന ഗവർണർക്കെതിരേ മാത്രമല്ല, സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര ധന വകുപ്പിനെതിരേയും കഴിഞ്ഞ വർഷമാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത് .

കാസർഗോഡ് മുതൽ കളിയിക്കാവിള ദേശീയപാത, തീരദേശ- മലയോര ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ, നാലു ലക്ഷം വീടുകൾ നൽകിയ ലൈഫ് പദ്ധതി, രണ്ടു ലക്ഷത്തിലേറെ സംരംഭങ്ങൾ പുതിയതായി ആരംഭിച്ച സംരംഭക വർഷം എന്നിവ സർക്കാരിന്‍റെ നേട്ടമാണ്. കൊച്ചി വാട്ടർ മെട്രൊ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.

കേരളത്തിൽ 15,146 പേർക്ക് പിഎസ്‍സി വഴി നിയമനം നൽകിയപ്പോൾ മറ്റ് 26 സംസ്ഥാനങ്ങളിലാകെ 19,646 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് വ്യക്തമാക്കിയത് യുപിഎസ്‌സിയാണ്. കേന്ദ്ര സർക്കാർ ആക്രി വിലയ്ക്ക് വിറ്റൊഴിക്കാൻ നോക്കിയ പൊതുമേഖലാ സ്ഥാപനങ്ങളായ വെള്ളൂരിലെ എച്ച്എൻഎൽ, കാസർഗോട്ടെ ഭാരത് ഹെവി ഇലക്‌ട്രോണിക്സ് എന്നിവ ഏറ്റെടുത്ത് പുനരുദ്ധരിച്ചു. ഐടി, സ്റ്റാർട്ടപ് മേഖലകളിൽ മു‍ൻപില്ലാത്ത മുന്നേറ്റമുണ്ടായി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നേരിട്ട് പൊരുതിയ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന്‍റെ പ്രചാരണം നയിച്ചത്. മുഖ്യമന്ത്രിയും മകളും മുൻമന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കുമാണ് പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുന്നിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ഇഡി അന്വേഷണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിലേക്കും നീളുകയാണ്.

എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ പ്രതിപക്ഷം സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും തമ്മിലുള്ള അനൈക്യം വൻ ഭൂരിപക്ഷത്തിൽ പുതുപ്പള്ളി യുഡിഎഫ് നിലനിർത്തിയ അന്നു തന്നെ പുറത്തുവന്നത് ഇപ്പോഴും തുടരുകയാണെന്നത് രഹസ്യമല്ല.

തോൽവിക്കിടയിലും അന്ന് ആഘോഷം

ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ ഒരു സീറ്റു മാത്രം വിജയിച്ച ദയനീയ തോല്‍വിയുടെ ഞെട്ടലില്‍ നില്‍ക്കെ ഒന്നാം പിണറായി സര്‍ക്കാർ മൂന്നാം വാർഷികം ആഘോഷിച്ചിരുന്നു. അന്ന് പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തിയെങ്കിലും സർക്കാർ കൂസിയില്ല. ആ തോൽവിയെ മറികടന്നാണ് പിന്നീട് എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വെന്നിക്കൊടി പാറിച്ചത്.

Trending

No stories found.

Latest News

No stories found.