

ആർഡിഒ ഓഫീസിലെ 'നായപ്പേടി'; മാലിന്യവും ഉപയോഗശൂന്യ വസ്തുക്കളും ചൂണ്ടിക്കാട്ടി നഗരസഭ
ഇരിങ്ങാലക്കുട: സിവിൽ സ്റ്റേഷന്‍റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിൽ തെരുവുനായ ശല്യം സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച സംഭവം ചർച്ചയാകുന്നു. ഓഫീസിലേക്കുള്ള പ്രവേശന ഭാഗത്തെ ഇരുമ്പ് ഗ്രില്ലിൽ "ശ്രദ്ധിക്കുക, നായ ശല്യം ഉള്ളതിനാൽ ഗ്രിൽ തുറന്നാൽ അടയ്ക്കാൻ മറക്കരുത്" എന്ന മുന്നറിയിപ്പാണ് രേഖപ്പെടുത്തിയിരുന്നത്.
തെരുവുനായകൾ വരാന്തയിലേക്കും ഓഫീസിനുള്ളിലേക്കും പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഗ്രിൽ അടച്ചിടാൻ നിർദേശം നൽകിയിരുന്നത്. പ്രധാന സർക്കാർ ഓഫീസിൽ എത്തുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും നായ ശല്യം സംബന്ധിച്ച് മുന്നറിയിപ്പ് നൽകേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്ന് മാള സോഷ്യൽ ഫോറം സെന്‍റർ ഫോർ സോഷ്യൽ ചെയ്ഞ്ചസ് പ്രസിഡന്‍റ് ഷാന്‍റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട നഗരസഭ സെപ്റ്റംബർ 30ന് നൽകിയ മറുപടിയിലാണ് സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യവും ഉപയോഗശൂന്യ വസ്തുക്കളും തെരുവുനായകൾക്ക് താവളമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയത്.
സിവിൽ സ്റ്റേഷൻ പരിസരത്ത് ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതും ഉപയോഗശൂന്യമായ ഫർണിച്ചർ ഉൾപ്പെടെയുള്ള വസ്തുക്കൾ കിടക്കുന്നതും തെരുവുനായകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നതായി നഗരസഭയുടെ മറുപടിയിൽ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സിവിൽ സ്റ്റേഷൻ മേലധികാരികൾ സ്വീകരിക്കേണ്ടതുണ്ടെന്നും നഗരസഭ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ തെരുവുനായകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി നഗരസഭയ്ക്ക് ഷെൽട്ടർ സംവിധാനമില്ലെന്നും, ഷെൽട്ടർ നിർമിക്കുന്ന പക്ഷം നായകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. ഷെൽട്ടർ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചുവരുന്നതായും നഗരസഭ മറുപടി കത്തിൽ അറിയിച്ചു.
അതേസമയം, തെരുവുനായകളുടെ വന്ധ്യംകരണവും വാക്സിനേഷൻ നടപടികളും സമയബന്ധിതമായി നടത്തിവരുന്നതായും നഗരസഭ വ്യക്തമാക്കി. എന്നാൽ പരാതി നൽകിയിട്ടും ആർഡിഒ ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരമായിട്ടില്ലെന്നാണ് ഷാന്‍റി ജോസഫ് തട്ടകത്തിന്‍റെ ആരോപണം. ആർഡിഒ ഓഫീസിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ദിവസേന ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
സിവിൽ സ്റ്റേഷൻ പരിസരത്തെ തെരുവുനായ ശല്യത്തിന് സ്ഥിരപരിഹാരം കാണുകയും മാലിന്യവും ഉപയോഗശൂന്യ വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്ത് ഭാവിയിൽ ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സിവിൽ സ്റ്റേഷൻ കെട്ടിട ചുമതലക്കാരൻ കൂടിയായ തഹസിൽദർക്കും ഷാന്‍റി ജോസഫ് തട്ടകത്ത് വീണ്ടും പരാതി നൽകി. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.