
രാഹുൽ മാങ്കൂട്ടത്തിൽ
File image
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗിക ആരോപണ കേസിൽ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്. ഗർഭഛിദ്രത്തിന് ഇരയായ യുവതി ചികിത്സ തേടിയ ആശുപത്രിയിലെത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
തെളിവെടുപ്പിനായി ഓണാവധിക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് ബെംഗളൂരുവിലേക്ക് എത്തുക. ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികിത്സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കുകയും, ആശുപത്രി മാനേജ്മെന്‍റിന് നോട്ടീസ് നല്‍കി രേഖകള്‍ കസ്റ്റഡിയിലെടുക്കുകയും അന്വേഷണ സംഘം ചെയ്യും.
എന്നാൽ, ഗർഭഛിദ്രത്തിനു നിർബന്ധിച്ചു, സ്ത്രീകളെ ശല്യം ചെയ്തു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ അഞ്ച് പരാതികൾ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടുണ്ട്. പരാതി നൽകിയിരിക്കുന്ന അഞ്ച് പേരും കേസുമായി നേരിട്ടു ബന്ധമുള്ളവരല്ല. പരാതികളിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്നാം കക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.