
കൊച്ചി: ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിലായ ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ ജാമ‍്യാപേക്ഷ സമർപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ജാമ‍്യാപേക്ഷ പരിഗണിക്കണമെന്നാണ് ആവശ‍്യം. കേസിൽ അന്വേഷണം പൂർത്തിയായതാണെന്നും റിമാൻഡ് ചെയ്യേണ്ട ആവശ‍്യമില്ലെന്നും ബോബി ചെമ്മണൂരിന്‍റെ ജാമ‍്യാപേക്ഷയിൽ പറയുന്നു.
കേസിൽ 30 മണിക്കൂർ ചോദ‍്യം ചെയ്തു. പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ല. ഈ സാഹചര‍്യത്തിൽ റിമാൻഡ് ചെയ്യേണ്ട ആവശ‍്യമില്ല. പ്രതി സംസ്ഥാനത്തെ പ്രമുഖ വ‍്യവസായിയാണെന്നും ഇവിടെ നിന്നും ഓടിപോകുന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ‍്യാപേക്ഷയിൽ പറയുന്നു. കാക്കനാട് ജില്ലാ ജയിലിലാണ് നിലവിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുന്നത്.