പീഡന കേസിൽ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ അടുത്തിടെയാണ് രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചത്
sexual assault case director ranjith remanded transferred to ernakulam sub jail

പീഡന കേസിൽ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു

Updated on

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും.

കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ സെറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവനടി നൽകിയ പരാതിയിൽ ചൊവ്വാഴ്ചയാണ് സംവിധായകൻ രഞ്ജിത്തിനെ ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് എറണാകുളം പൊലീസിന് കൈമാറുകയായിരുന്നു.

പുതുതായി നിർമിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് ആരോപണം. യുവനടി ആദ്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്കാണ് പരാതി നൽകിയത്. പിന്നീട് പരാതി എറണാകുളം കമ്മിഷണർക്ക് കൈമാറി. രണ്ട് ദിവസം മുൻപ് നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. അതീവ രഹസ്യമായാ‌ണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ അടുത്തിടെയാണ് രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്‍റെ പരാതി.

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്ന കാലഘട്ടത്തിൽ ബംഗാളി നടിയും രഞ്ജിത്തിനെതിരേ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. 15 വർഷങ്ങൾക്കു മുന്നേ പാലേരി മാണിക്ക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com