
ലൈംഗികാതിക്രമ പരാതി; ജഡ്ജിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
Representative image
കൊല്ലം: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജിയായിരുന്ന ഉദയകുമാറിനെതിരേ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഉദയകുമാർ ലൈംഗികാതിക്രമം നടത്തിയതായി കൊല്ലം ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻ ജഡ്ജിക്ക് മൂന്നു പേർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
വിവാഹ മോചനത്തിന് തയാറായി മാനസികമായി തളർന്ന സ്ത്രീകൾ കുടുംബക്കോടതിയിലെത്തുമ്പോൾ സാധാരണ അഭിഭാഷകരാണ് കൗൺസിലിങ്ങിന് വിധേയരാക്കുന്നത്. എന്നാൽ ഉദയകുമാർ അവരെ തന്‍റെ ചേംബറിലേക്ക് നേരിട്ട് വിളിച്ചുകൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പരാതികൾ ലഭിച്ചതിനെത്തുടർന്ന് കൊല്ലം ജില്ലാ ജഡ്ജി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയിരുന്നു.