

ജാതി അധിക്ഷേപ പരാമർശം; കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ പരാതിയുമായി എസ്എഫ്ഐ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമർശത്തിനെതിരേ എസ്എഫ്ഐ പരാതി നൽകി. ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, ഡോ. പി.എസ്. ഗോപകുമാർ എന്നിവർക്കെതിരേ കേരള സർവകലാശാല പ്രൊ ചാൻസലർക്കും എസ്‌സിഎസ്ടി കമ്മിഷനുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ നന്ദൻ പരാതി നൽകിയത്.
സർവകലാശാലയിലെ സംസ്കൃതം വകുപ്പ് മേധാവി സി.എൻ. വിജയകുമാരിയുടെ വീട്ടിൽ കുട്ടികൾക്കും ഭർത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ‍്യക്തിയാണെന്നായിരുന്നു ഡോ. വിനോദിന്‍റെ പരാമർശം. സി.എൻ. വിജയകുമാരിക്കെതിരേ ഗവേഷക വിദ‍്യാർഥി വിപിൻ വിജയൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന.