'ആധുനിക ജനാധിപത‍്യ സമൂഹത്തിന് യോജിച്ചതല്ല'; സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ എസ്എഫ്ഐ

സ്ത്രീകൾ പൊതുവേദികൾ വരുന്നതിനെ പ്രദർശനം എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയാണെന്നും എസ്എഫ്ഐ പറഞ്ഞു
sfi fb post against samastha circular on women

'ആധുനിക ജനാധിപത‍്യ സമൂഹത്തിന് യോജിച്ചതല്ല'; സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ എസ്എഫ്ഐ

file

Updated on

കോഴിക്കോട്: സ്ത്രീകളെ വേദിയിലോ പൊതുഇടങ്ങളിലോ അന‍്യപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ പ്രസ്താവനക്കെതിരേ എസ്എഫ്ഐ. പരാമർശം ആധുനിക ജനാധിപത‍്യ സമൂഹത്തിന് യോജിച്ചതല്ലെന്നാണ് എസ്എഫ്ഐ പറയുന്നത്.

സ്ത്രീകൾ പൊതുവേദികൾ വരുന്നതിനെ പ്രദർശനം എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയാണെന്നും ഇന്ത‍്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകളെന്നും എസ്എഫ്ഐ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു.

അതേസമയം, ഇസ്‌ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിയിണക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്നും മതകീയ മൂല‍്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരും തലമുറയിലേക്ക് സന്മാർഗികമായ മാതൃകകൾ പകർന്നു നൽകാൻ എല്ലാവരും ബാധ‍്യസ്ഥരാണെന്നുമായിരുന്നു സമസ്ത പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.

എസ്എഫ്ഐ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ്

സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നിരവധി പ്രഗത്ഭരായ മുസ്ലിം വനിതകൾ ലോകത്തെയും രാജ്യത്തെയും തന്നെ വിവിധ തുറകളിൽ നയിക്കുകയും, ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കാലമാണിത്. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്.

ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്‍റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്. ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ്‌ എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു

logo
Metro Vaartha
www.metrovaartha.com