കേരള സർവകലാശാലാ ആസ്ഥാനത്ത് ഗവർണർക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ

ബാനർ കെട്ടുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളും നടന്നു.
SFI protests against Governor at Kerala University headquarters

രാജേന്ദ്ര ആർലേക്കർ

Updated on

തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. ''ഞങ്ങൾക്ക് ആവശ്യം ചാൻസലറെയാണ് ഗാന്ധിഘാതകൻ സവർക്കറെയല്ല'' എന്നെഴുതിയ ബാനറുമായാണ് എസ്എഫ്ഐ പ്രവർത്തകർ കേരള സർവകലാശാലാ ആസ്ഥാനത്ത് എത്തിയത്.

ബാനർ കെട്ടുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. ഇതിനിടെ പൊലീസിനെ മറികടന്ന് പ്രവർത്തകർ സർവകലാശാലയ്ക്കുളളിലേക്ക് കടന്ന് ഗാന്ധിജിയുടെയും ബി.ആർ. അംബേദ്കറുടെയും ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സർവകലാശാലകൾ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രവാക്യം മുഴക്കിക്കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.

ചൊവ്വാഴ്ച രാവിലെ നടക്കുന്ന സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കാനിരിക്കെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. സർവകലാശാലയുടെ പ്രവേശന കവാടത്തിൽ പ്രവർത്തകർ ബാനർ കെട്ടാനുളള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.

സർവകലാശാലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ അല്ല പ്രവർത്തകർ എത്തിയതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ശിവപ്രസാദ് പറഞ്ഞു. ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രവുമായാണ് ഞങ്ങള്‍ എത്തിയത്. ഗാന്ധിയെ അദ്ദേഹത്തെ കാണിക്കാന്‍ തന്നെയാണ് തീരുമാനം. ഗാന്ധിയോട് എന്തിനാണ് അദ്ദേഹത്തിന് അസ്വസ്ഥത. അദ്ദേഹത്തിന് ഗാന്ധിയോട് കലിയാണ്. ആശയപരമായാണ് ഞങ്ങളുടെ പോരാട്ടം. ഗാന്ധിയുടെ ചിത്രം എത്ര ചുമരില്‍നിന്നും അഴിപ്പിക്കാന്‍ ശ്രമിച്ചാലും അത് സാധ്യമല്ല.

ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ല. കേരളത്തിന്‍റെ നിയമസഭയാണ് അദ്ദേഹത്തിനെ ചാന്‍സലര്‍ ആക്കിയത്. അദ്ദേഹം നിയമ സഭയോട് മര്യാദ കാണിക്കണം. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ചാന്‍സലര്‍ പദവി ഒഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെനറ്റ് യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഗവർണർ മടങ്ങുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com