
തിരുവനന്തപുരം: തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു സെക്രട്ടറി.
സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്‌ഐ ആഗ്രഹിച്ചത്. മോഹനൻ കുന്നുമ്മൽ എന്ന ആർഎസ്എസുകാരന് എസ്എഫ്‌ഐയെ കണ്ടാൽ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത്.
ഹാലിളകിയാൽ നിലയ്ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതി. പൊലീസ് അത് മനസിലാക്കിക്കോ- ആർഷോ വെല്ലുവിളിച്ചു.
ഡിസിപി ഒരുത്ത് എസ്എഫ്ഐയുടെ നെഞ്ചത്ത് കയറി. കർണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തെ എസ്എഫ്ഐ. ഡിസിപി അനങ്ങണ്ടാ എന്ന് ഞങ്ങൾ തീരുമാനിച്ചാൽ അനങ്ങില്ല. സർവകലാശാലയുടെ പടിവാതിൽക്കൽ ഞങ്ങൾ സമരം പുനരാരംഭിക്കും. തൃശൂരിലെ വീട് വിട്ട് പുറത്തിറങ്ങാൻ വിസിയെ അനുവദിക്കില്ലെന്നും ആർഷോ പറഞ്ഞു.
പുതിയ വിദ്യാർഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിക്കാത്തതിലും കഴിഞ്ഞ ദിവസത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.