ഒറ്റ വോ‌ട്ടിന് ജയിച്ചെന്ന് കെഎസ്‌യു, റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് വിജയം; കേരള വർമ കോളെജ് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ

എസ്എഫ്ഐ യുടെ സ്ഥാനാർഥി അനിരുദ്ധൻ 111 വോട്ടുകൾക്ക് വിജയിച്ചതായി കോളെജ് അധികൃതർ പ്രഖ്യാപിച്ചു.
ശ്രീ കേരള വർമ കോളെജ്
ശ്രീ കേരള വർമ കോളെജ്

തൃശൂർ: ശ്രീ കേരള വർമ കോളെജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ എസ്എഫ്ഐയ്ക്കു വിജയം. എസ്എഫ്ഐ യുടെ സ്ഥാനാർഥി അനിരുദ്ധൻ 111 വോട്ടുകൾക്ക് വിജയിച്ചതായി കോളെജ് അധികൃതർ പ്രഖ്യാപിച്ചു. ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. കേരള വർമയുടെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെ എസ് യു സ്ഥാനാർഥി ജനറൽ സീറ്റിൽ വിജയിച്ചതായി ഫലം വരുന്നത്. ഫലം വന്നതിനു പുറക കെഎസ് യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ എസ്എഫ്ഐയുടെ ആവശ്യപ്രകാരം വീണ്ടും കൗണ്ടിങ് നടത്തിയതോടെ വിജയം എസ് എഫ് ഐ പക്ഷത്തായി.

പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിയായ ശ്രീക്കുട്ടൻ കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണ്. ഇടതു പക്ഷ സംഘടനയിലെ അധ്യാപകർ ഇടപെട്ടാണ് തെരഞ്ഞെടുപ്പു ഫലത്തിൽ മാറ്റം വരുത്തിയതെന്ന് കെ എസ് യു ആരോപിച്ചു. റീ കൗണ്ടിങ് സമയത്ത് രണ്ടു തവണ വൈദ്യുതി തടസ്സപ്പെട്ടതായും കെ എസ് യു ആരോപിക്കുന്നുണ്ട്. കെ എസ് യു റീ കൗണ്ടിങ് ബഹിഷ്കരിച്ചിരുന്നു. റീ കൗണ്ടിങ്ങിനെതിരേ കെ എസ് യു കോടതിയെ സമീപിച്ചേക്കും.

സംഘർഷാവസ്ഥ കണക്കിലെടുത്ത് കോളെജിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ, എംഎൽഎ സനീഷ് കുമാർ ജോസഫ് എന്നിവർ കോളെജിലെത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് റീ കൗണ്ടിങ് നിർത്തി വയ്ക്കാൻ പൊലീസ് അഭ്യർഥിച്ചിരുന്നുവെങ്കിലും കോളെജ് അധികൃതർ അതിനു തയാറായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com