പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി?

നിരവധി ആരോപണങ്ങൾ നേരിടുന്ന യുവനേതാവ് സ്ഥാനാർഥിയായാൽ എൽഡിഎഫ് പ്രസ്റ്റീജ് പോരാട്ടമായി തന്നെ ഇതിനെ കണക്കാക്കുമെന്നുറപ്പ്
shafi parambil about palakkad by election
Rahul mamkootathil and Shafi Parambil

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ. ഔദ്യോഗിക ചർച്ചകൾക്കു ശേഷം ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫിനെ കൈവിടില്ല എന്നുറപ്പാണെന്നും, ഇനി വരാൻ പോകുന്നത് തന്നെക്കാൾ മികച്ച സ്ഥാനാർഥിയായിരിക്കുമെന്നും ഷാഫി പറഞ്ഞു.

പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവു തന്നെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കിയാണ് വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിലിന്‍റെ പ്രതികരണം.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡുകൾ അച്ചടിച്ചിരുന്നു എന്ന ആരോപണം നിലനിൽക്കുമ്പോഴും, വടകരയിൽ ഷാഫിയുടെ പ്രചാരണം നയിക്കാൻ ഈ യുവനേതാവ് ഉണ്ടായിരുന്നു. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം രാഹുലിന്‍റെ ഒത്താശയോടെയായിരുന്നു എന്ന് ഇടതു നേതാക്കൾ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ, പാലക്കാട്ട് രാഹുൽ മത്സരിച്ചാൽ ഇടതുപക്ഷം പ്രസ്റ്റീജ് പോരാട്ടമായി തന്നെ ഇതിനെ കാണുമെന്ന് ഉറപ്പാണ്.

കേരളത്തിൽ ആവശ്യത്തിനുള്ള പ്ലസ് വണ്‍ സീറ്റില്ല എന്ന യാഥാർഥ്യം സർക്കാർ അംഗീകരിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. മറ്റ് ധൂർത്തുകൾ കുറച്ച് വിദ്യാർഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. സമരം ചെയ്യുന്ന വിദ്യാർഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ടി.പി. കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണ്. കൂടുതൽ പേർ പ്രതികൾ ആകുമോയെന്ന സിപിഎമ്മിന്‍റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു.

Trending

No stories found.

Latest News

No stories found.