നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

നിയമപരമായ നടപടികളുടെ ഭാഗമാണ് മുൻകൂർ ജാമ‍്യ ഹർജിയെന്നും ഷാഫി പ്രതികരിച്ചു
shafi parambil response in sexual assault case against rahul mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ
Updated on

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. രാഹുൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും നിയമപരമായ നടപടികളുടെ ഭാഗമാണ് മുൻകൂർ ജാമ‍്യ ഹർജിയെന്നും ഷാഫി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇക്കാര‍്യത്തിൽ പ്രതികരിച്ചെന്നും ഷാഫി കൂട്ടിച്ചേർത്തു. അതേസമയം, രാഹുലിന്‍റെ ജാമ‍്യഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

വ‍്യാജ പരാതിയാണ് യുവതി നൽകിയിരിക്കുന്നതെന്നും കേസിൽ താൻ നിരപരാധിയാണെന്നും പരാതി നൽകിയ യുവതി‍യുമായി തനിക്ക് ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നുമാണ് രാഹുൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി നൽകിയതിനു പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് രാഹുലിനെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിപ്പിച്ച് ഗർഭഛിദ്രം നടത്തി, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചെന്നും നഗ്ന ദൃശ‍്യങ്ങൾ വിഡിയോയിൽ പകർത്തുകയും തുടർന്ന് അതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ ഫ്ലാറ്റിൽ വച്ച് ദേഹോപദ്രവമേൽപിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്‍റെ സഹായത്തോടെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നൽകിയെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com