ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ച് പാലക്കാടും ചേലക്കരയും, വർക്കലയിൽ സസ്പെൻസ്

എംഎല്‍എമാരെ ഇറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണം വിജയിച്ചപ്പോള്‍ ഇടതു പരീക്ഷണങ്ങള്‍ പലപ്പോഴും പാളിയതാണ് തെരഞ്ഞെടുപ്പ് ചരിത്രം
ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ച് പാലക്കാടും ചേലക്കരയും, വർക്കലയിൽ സസ്പെൻസ്
by election

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ച് പാലക്കാടും ചേലക്കരയും. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, ചേലക്കര എംഎൽഎ മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരാണ് വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തുമ്പോൾ വിജയരഥമേറിയത്. വി. ജോയി തൊട്ടുപിന്നാലെ കുതിക്കുമ്പോൾ വർക്കലയിൽ ഉപതെരഞ്ഞെടുപ്പുണ്ടാകുമോയെന്നത് കണ്ടറിയണം. കെ.രാധാകൃഷ്ണന്‍, കെ.കെ.ഷൈലജ, എം.മുകേഷ്, വി.ജോയ് എന്നീ എംഎല്‍എമാരെയാണ് സിപിഎം മത്സരിപ്പിച്ചത്.

ഷാഫി പറമ്പിലിനെ കോൺഗ്രസും രംഗത്തിറക്കി. കൊല്ലം ലോക്സഭാ സീറ്റില്‍ മത്സരിച്ച കൊല്ലം എംഎല്‍എ മുകേഷും, വടകര മണ്ഡലത്തില്‍ മത്സരിച്ച കെ.കെ.ശൈലജയും പരാജയം ഉറപ്പിച്ചു. 2019 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ കണക്ക് നോക്കിയാല്‍ ഇതുവരെ 27 എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഇതില്‍ 15 പേര്‍ വിജയിച്ചു. 2019ലാണ് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ലോക്‌സഭാ പോരാട്ടത്തിന് ഇറങ്ങിയത്. എംഎല്‍എമാരെ ഇറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണം വിജയിച്ചപ്പോള്‍ ഇടതു പരീക്ഷണങ്ങള്‍ പലപ്പോഴും പാളിയതാണ് തെരഞ്ഞെടുപ്പ് ചരിത്രം.

പാലക്കാട് ഷാഫി പറമ്പിൽ കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി ഇ. ശ്രീധരനോട് അവസാന റൗണ്ടിലാണ് ജയിച്ച് കയറിയതെന്നതിനാൽ ഉപതെരഞ്ഞെടുപ്പുണ്ടാകുമ്പോൾ ബിജെപിക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. ചേലക്കരയിലും വർക്കലയിലും യുഡിഎഫ് രണ്ടാമതാണെന്നതിനാൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് പോര് കനക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com