

കൊച്ചി: വിവിധ കേസുകളിലെ അറസ്റ്റ് ഭീഷണിയെ തുടർന്ന് ഓൺലൈൻ ചാനൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ നോട്ടീസ് നൽകി വിശദീകരണം കേൾക്കാതെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പി.വി. അൻവർ എംഎൽഎയുടെ ഫെയ്സ് ബുക്ക് പോസ്റ്റും തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഷാജൻ സ്കറിയക്കെതിരെ 107 ഓളം എഫ്ഐആറുകൾ തന്‍റെ പക്കലുണ്ടെന്ന് അൻവർ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസിൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഷാജൻ ഹർജിയിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഡിജിപിക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതി വിധി അട്ടിമറിച്ച് അറസ്റ്റ് നടത്താൻ ഭരണകക്ഷി എംഎൽഎ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ എവിടെയൊക്കെ കേസ് എടുക്കുന്നു എന്ന് അറിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.