
ശശി തരൂർ എംപി
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി ശശി തരൂർ എംപി. വിമർശിക്കുന്നവരൊക്കെ ആരാണ്? എന്താണ് അവരുടെ പദവി എന്ന് തരൂർ ചോദിച്ചു. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് താൻ എന്തു ചെയ്യാനാണെന്നും തരൂർ ചോദിച്ചു. രാജ്മോഹൻ ഉണ്ണിത്താന്‍റെയും കെ. മുരളീധരന്‍റെയും പരസ്യ വിമർശനത്തിലായിരുന്നു തരൂരിന്‍റെ പ്രതികരണം.
കോൺഗ്രസ് പാർട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം നേടിയ ശേഷം പാർട്ടിക്ക് പുറത്തു നിന്ന് ഇനി എന്തെല്ലാം നേടാമെന്നാണ് തരൂർ ചിന്തിക്കുന്നതെന്നായിരുന്നു ഉണ്ണിത്താന്‍റെ വിമർശനം. പാർട്ടിക്ക് ദോഷകരമായ കാര്യങ്ങൾ തരൂർ ചെയ്യുന്നുവെന്നും കോൺഗ്രസിന്‍റെ ദോഷം ആഗ്രഹിക്കുന്നവരല്ലാതെ മാറ്റാരും തരൂരിനെ പിന്തുണയ്ക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു. പാർട്ടി തന്നെ തരൂരിനെ പുറത്താക്കട്ടെ എന്ന ഭാവമാണ് തരൂരിനെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നായിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം. തരൂരിന്‍റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണെന്നും അദ്ദേഹത്തിനെതിരായ നടപടി സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്ന് പറഞ്ഞ മുരളീധരൻ തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും പറഞ്ഞിരുന്നു.